മുംബൈ: ഐപിഎല്ലിൽ ആദ്യം ഒന്നു പതറിയെങ്കിലും പിന്നീടിങ്ങോട്ട് മുന്നേറിക്കൊണ്ടിരിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സിന് തിരിച്ചടിയായി യുവ ഓപ്പണർ ആയുഷ് മത്രെയുടെ പരുക്ക്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ഹാംസ്ട്രിംഗ് പരുക്കേറ്റ 18കാരനായ മാത്രെയ്ക്ക് വരാനിരിക്കുന്ന ഏതാനും മത്സരങ്ങൾ നഷ്ടമാകുമെന്നാണ് സൂചന. അതേസമയം പരുക്ക് എത്രത്തോളം ഗൗരവകരമാണെന്ന് അറിയാൻ ഇന്ന് സ്‌കാനിംഗ് നടത്തും.
ഹൈദരാബാദിനെതിരായ മത്സരത്തിൽ മൂന്നാം നമ്പറിൽ ഇറങ്ങി മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്നു മാത്രെ. എന്നാൽ വേഗത്തിൽ രണ്ടാം റൺ എടുക്കാനുള്ള ശ്രമത്തിനിടെ താരത്തിന്റെ ഇടത് കാലിലെ പേശികൾക്ക് പരുക്കേൽക്കുകയായിരുന്നു. പിന്നീട് ടീം ഫിസിയോയുടെ സഹായത്തോടെയാണ് താരം കളം വിട്ടത്. ‘അദ്ദേഹത്തിന് ഹാംസ്ട്രിംഗ് പരുക്ക് സംഭവിച്ചിട്ടുണ്ട്. എത്രത്തോളം ഗൗരവമാണെന്ന് അറിയില്ലെങ്കിലും അത് മോശമാണെന്ന് തോന്നുന്നു.’ എന്ന് ചെന്നൈയുടെ ബാറ്റിംഗ് കോച്ച് മൈക്കൽ ഹസ്സി പറഞ്ഞു. മാത്രെയുടെ അഭാവം ടീമിന് വലിയ നഷ്ടമാണെന്നും എന്നാൽ മറ്റൊരു താരത്തിന് ഇത് അവസരം നൽകുമെന്നും ഹസ്സി കൂട്ടിച്ചേർത്തു.
അതേസമയംആരാധകർ ഏറെ കാത്തിരിക്കുന്ന എംഎസ് ധോണിയുടെ തിരിച്ചുവരവും അനിശ്ചിതത്വത്തിലാണെന്ന് ഹസ്സി പ്രതികരിച്ചു. പേശീവലിവിനെ തുടർന്ന് ഈ സീസണിലെ എല്ലാ മത്സരങ്ങളും ധോണിക്ക് നഷ്ടമായിരുന്നു. ധോണി നിലവിൽ മുംബൈയിൽ ടീമിനൊപ്പമുണ്ട്. ”അദ്ദേഹത്തിന്റെ റീഹാബിലിറ്റേഷൻ മികച്ച രീതിയിൽ നടക്കുന്നുണ്ട്, ബാറ്റിംഗിലും അദ്ദേഹം സംതൃപ്തനാണ്. എന്നാൽ വിക്കറ്റുകൾക്കിടയിലെ ഓട്ടത്തിൽ ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്. എപ്പോൾ കളിക്കുമെന്ന് ഉറപ്പില്ലെങ്കിലും എത്രയും വേഗം അദ്ദേഹം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.”
അതോടൊപ്പം പരുക്കേറ്റ മറ്റൊരു താരം ഖലീൽ അഹമ്മദിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിഎസ്‌കെ. ഇതിന്റെ ഭാഗമായി മുൻ മുംബൈ ഇന്ത്യൻസ് താരം ആകാശ് മധ്വാൾ ഹൈദരാബാദിൽ നടന്ന ട്രയൽസിൽ പങ്കെടുത്തു. കൂടാതെ രാജ്വർധൻ ഹംഗർഗേക്കറും മുംബൈയിൽ നടക്കുന്ന ട്രയൽസിൽ പങ്കെടുക്കും. ഏപ്രിൽ 23ന് വാംഖഡെയിൽ മുംബൈ ഇന്ത്യൻസിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.














































