കൊച്ചി: നാനാജാതിമതസ്ഥർ പങ്കെടുക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര കാവിവ്തകരിച്ചെന്ന് ആരോപണം. പൂനെയിൽ നിന്നെത്തിച്ച നാസിക് ഡോൾ സംഘം ഘോഷയാത്രയ്ക്കിടെ കാവി പതാക ഉയർത്തി. സംഘ്പരിവാറിൻറേത് അന്തസില്ലാത്ത പ്രവർത്തനമെന്ന് മുൻമന്ത്രി കെ. ബാബു പ്രതികരിച്ചു. അത്തച്ചമയ ഘോഷയാത്രയെ ആർഎസ്എസിൻറെ ഘോഷയാത്രയാക്കി മാറ്റിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷും പറഞ്ഞു.
അതേസമയം ആഗസ്റ്റ് 16നാണ് ഈ വർഷത്തെ അത്തച്ചമയ ഘോഷയാത്ര നടന്നത്. ഓണത്തിൻറെ വരവറിയിച്ചുകൊണ്ട് നാനാജാതിമതസ്ഥരും പങ്കെടുക്കുന്ന ആഘോഷമാണ് തൃപ്പൂണിത്തുറ അത്തച്ചമയം. ബിജെപിയാണ് തൃപ്പൂണിത്തുറ നഗരസഭ ഭരിക്കുന്നത്. നാസിക് ഡോൾ സംഘത്തെ നഗരസഭയിലെ ഒരു കൗൺസിലർ തന്നെയാണ് എത്തിച്ചത് എന്നാണ് അറിയുന്നത്. ഇതനുസരിച്ച് നാസിക് ഡോൾ സംഘത്തെ ഈ അത്തച്ചമയ ഘോഷയാത്രയിലേക്ക് എത്തിക്കുകയും തുടർന്ന് നാസിക് ഡോൾ സംഘം പൊടുന്നനെ ഈ കാവിപതാക ഉയർത്തുകയുമായിരുന്നു എന്നതാണ് ഇടതു വലതു മുന്നണികൾ പറയുന്നത്. നാസിക് ഡോൾ സംഘത്തിന് ചുറ്റും ഈ പ്രദേശത്തെ ആർഎസ്എസ് പ്രവർത്തകർ അണിനിരന്നുവെന്നും ആരോപണമുണ്ട്.
എന്നാൽ ഈ വിഷയത്തിൽ നഗരസഭ ചെയർമാൻ അടക്കം കൃത്യമായ വിശദീകരണം നൽകിയിട്ടില്ല. അത്തച്ചമയ ഘോഷയാത്രയുടെ ഭാഗമായുള്ള കമ്മിറ്റിയുടെ ജനറൽ കൺവീനർ സിപിഎം നേതാവാണ്. ഇവരൊന്നും അറിയാതെ ഇത്തരത്തിലുള്ള ഒരു നാസിക് ഡോൾ സംഘത്തെ എത്തിക്കുകയും തുടർന്ന് നാസിക് ഡോൾ സംഘം അവിടെ കാവി പതാക ഉയർത്തുകയുമായിരുന്നു എന്നതാണ് ആരോപണം.






