വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ, അമേരിക്കൻ സൈനികരുടെ മരണത്തിൽ ഇറാനെതിരെ ശക്തമായ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇറാൻ ഓരോ അമേരിക്കൻ സൈനികനെയും കൊല്ലുമ്പോഴും അവർക്കു പലമടങ്ങ് തിരിച്ചടി നൽകും” എന്ന് ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞ വാരാന്ത്യത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും ഒരാൾ കാണാതാവുകയും ചെയ്തതായി വാഷിംഗ്ടൺ അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. “ഇറാൻ ഒരു അമേരിക്കൻ സൈനികനെ കൊല്ലുമ്പോഴെല്ലാം അവർ ആ കൊലപാതകത്തിന് പലമടങ്ങ് വില നൽകും!” എന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇതിന് വേണ്ട നിർദ്ദേശങ്ങൾ താൻ പ്രതിരോധ വകുപ്പിനും സൈനിക മേധാവികൾക്കും ഇതിനകം നൽകിയതായി ട്രംപ് വ്യക്തമാക്കി. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാനിയൽ കെയ്ൻ എന്നിവരുൾപ്പെടെ സൈനിക നേതൃത്വത്തോട് കർശന നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ഇറാനും അമേരിക്കയും തമ്മിലുള്ള പുതിയ സംഭവവികാസങ്ങൾ മേഖലയിൽ കൂടുതൽ സംഘർഷാവസ്ഥയ്ക്ക് ഇടയാക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

















































