കൊല്ലം: ചെറുമൂട് സ്വദേശി രാജു എഡ്വേഡിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. രാജുവിനെ കൊലപ്പെടുത്തിയതാണെന്ന് ഭാര്യ ലേഖ മേരി പോലീസിനോട് സമ്മതിച്ചു. ആദ്യം ഭാര്യ ബന്ധുക്കളോട് പറഞ്ഞിരുന്നത് രാജു കുഴഞ്ഞു വീണെന്നായിരുന്നു. എന്നാൽ കഴുത്തിൽ ബെൽറ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നു പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.
അതേസമയം വെള്ളിയാഴ്ചയാണ് രാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾക്കു സംശയം തോന്നിയതിനെ തുടർന്ന് അവർ പോലീസിൽ പരാതി നൽകുകയായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ ലേഖയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. വസ്തു സ്വന്തം പേരിൽ എഴുതി നൽകാത്തതിലെ പക കാരണം കൊലപ്പെടുത്തിയെന്നാണ് ലേഖ പോലീസിനോട് പറഞ്ഞത്. എന്നാൽ കൊലപാതകത്തിനു മുൻപ് രാജുവിനു വിഷം കൊടുത്തതായി പോലീസിനു സംശയമുണ്ട്. ഇതോടെ രാജുവിന്റെ ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയച്ചു.ലേഖയുടെ ആൺസുഹൃത്തിന്റെ പങ്കും പരിശോധിക്കുന്നുണ്ട്.
‘രാജുവിന്റെ കഴുത്തിലെ പാട് കണ്ടാണ് സംശയം തോന്നിയത്. രണ്ടുപേരും എപ്പോഴും വഴക്കാണ്. ഒരു അസുഖവും രാജുവിന് ഇല്ലായിരുന്നു, ഭാര്യ ലേഖമേരി വിദേശത്തായിരുന്നു. അടുത്തിടെയാണ് നാട്ടിലെത്തിയത്. ബന്ധുക്കളുമായി അകൽച്ചയിലായിരുന്നുവെന്ന് രാജുവിന്റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു.




