കൊച്ചി: നടി ലക്ഷ്മി പ്രിയ, തൃപ്പൂണിത്തറ എസ്എച്ച്ഒ എന്നിവർക്കെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി അൻസിബ ഹസൻ. ലക്ഷ്മി പ്രിയ തനിക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾക്കു പുറമെ തൃപ്പൂണിത്തറ സ്റ്റേഷനിൽ കൊടുത്ത പരാതിയും തന്നെ മാനസീകമായി തളർത്തിയെന്നും താൻ അപമാനിതയായെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. ലക്ഷ്മി പ്രീയ കൊടുത്ത പരാതിയെ തുടർന്ന് സ്റ്റേഷനിലെത്തിയ തന്നോട് മാന്യമായി പെരുമാറാത്തതിനാലാണ് എസ്എച്ച്ഒയ്ക്കെതിരെ പരാതി. മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നൽകിയതിനു പുറമെ ആഭ്യന്തര മന്ത്രി, ആഭ്യന്തര സെക്രട്ടറി എന്നിവർക്കും പരാതി കൈമാറാനാണ് അൻസിബയുടെ തീരുമാനം.
അൻസിബ തനിക്ക് അയച്ച വാട്സ്ആപ്പ് മെസേജ് ഭർത്താവ് ജയേഷ് വായിക്കാനിടയായെന്നും അതേതുടർന്ന് തന്റെ ദാമ്പത്യജീവിതം തന്നെ കൈവിട്ടു പോകുമെന്ന സ്ഥിതി വന്നെന്നുമാണ് ലക്ഷ്മി പ്രിയ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. അത്തരമൊരു സാഹചര്യത്തിലാണ് അൻസിബയ്ക്കെതിരെ പരാതി നല്കിയതെന്നും നടി പറയുകയുണ്ടായി. എന്നാൽ, ലക്ഷ്മി പ്രിയ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃപ്പൂണിത്തറ സ്റ്റേഷനിലെത്തിയ തന്നെ എസ് ഐ രേഷ്മ പരാതിക്കാരിയുടെ ഭാഗം ചേർന്ന് ഭീഷണിപ്പെടുത്തിയെന്നും മണിക്കൂറുകളോളം അവിടെ പിടിച്ചിരുത്തിയെന്നുമാണ് അൻസിബയുടെ പരാതി.
















































