മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് ബംഗറിന്റെ മകൾ അനായ ബംഗറിന് ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ വഴിയൊരുങ്ങുന്നു. മാർച്ചിൽ ജെൻഡർ അഫർമിംഗ് ശസ്ത്രക്രിയയ്ക്ക് വിധേയയായ അനായയ്ക്ക് ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ കഴിയുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നുവെന്നും ഇപ്പോൾ വീണ്ടും കളത്തിലിറങ്ങാനുള്ള അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. ഓസ്‌ട്രേലിയയിൽ വനിതാ കമ്മ്യൂണിറ്റി ക്രിക്കറ്റ് കളിക്കുന്നതിന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അനുമതി കിട്ടിയതോടെ ആ ആശങ്ക നീങ്ങിയെന്നും അവർ പറയുന്നു
“എനിക്ക് ഇത് വളരെ വലിയ ദിവസമാണ്. എനിക്ക് വീണ്ടും ക്രിക്കറ്റ് കളിക്കാൻ കഴിയുമെന്ന് അറിയുന്നത് ഏറെ സന്തോഷം നൽകുന്നു. ഇനി ഒരിക്കലും ക്രിക്കറ്റ് കളിക്കാൻ കഴിയില്ലെന്ന് കരുതിയിരുന്ന ഒരു ഘട്ടമുണ്ടായിരുന്നു. എന്നാൽ ക്രിക്കറ്റ് ഓസ്‌ട്രേലിയ എനിക്ക് വീണ്ടും ഒരു അവസരം നൽകിയിരിക്കുകയാണ്,” അനായ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
മുൻപ് മുംബൈയ്ക്ക് വേണ്ടി സർഫറാസ് ഖാൻ, അദ്ദേഹത്തിന്റെ സഹോദരൻ മുഷീർ ഖാൻ എന്നിവർക്കൊപ്പം ആഭ്യന്തര മത്സരങ്ങളിൽ അനായ (ആര്യൻ ബംഗാർ ആയിരുന്നപ്പോൾ) കളിച്ചിട്ടുണ്ട്. എങ്കിലും വിമൻസ് ബിഗ് ബാഷ് ലീഗ് (ഡബ്ല്യുബിബിഎൽ) പോലുള്ള മുൻനിര ടൂർണമെന്റുകവിൽ പങ്കെടുക്കണമെങ്കിൽ, അനായ ടെസ്റ്റോസ്റ്റിറോൺ സംബന്ധിച്ച യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.
ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ‘ട്രാൻസ്‌ജെൻഡർ ആൻഡ് ജെൻഡർ ഡൈവേഴ്‌സ് പ്ലേയേഴ്‌സ് ഇൻ എലൈറ്റ് ക്രിക്കറ്റ് പോളിസി’ അനുസരിച്ച് ഒരു താരം ക്രിക്കറ്റ് കളിക്കാൻ യോഗ്യത നേടണമെങ്കിൽ, കുറഞ്ഞത് 12 മാസത്തെ കാലയളവിലെങ്കിലും അവരുടെ രക്തത്തിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് 10 നാനോമോൾസ് പെർ ലീറ്റർ താഴെയായിരിക്കണം. പ്രായപൂർത്തിയാകുന്ന സമയത്ത് പുരുഷന്മാരായിരുന്ന ട്രാൻസ്‌ജെൻഡർ താരങ്ങളെ എലൈറ്റ് വനിതാ ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് വിലക്കാൻ 2023ൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തീരുമാനിച്ചിരുന്നു.
അതേസമയം, 2027 മാർച്ച് വരെ ഓസ്‌ട്രേലിയയിലെ ഏതെങ്കിലും സംസ്ഥാനത്തോ ടെറിട്ടറിയിലോ നടക്കുന്ന പ്രീമിയർ ക്രിക്കറ്റ് മത്സരങ്ങളിൽ അനായയ്ക്ക് പങ്കെടുക്കാം. ഇത്തരം മത്സരങ്ങൾ എലൈറ്റ് ക്രിക്കറ്റായി കണക്കാക്കാത്തതിനാൽ നിലവിലെ തീരുമാനം അവളുടെ പങ്കാളിത്തത്തെ ബാധിക്കില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.






