കരുവാറ്റ: ഹരിപ്പാട് കരുവാറ്റയിൽ വാടകവീട്ടിൽ വയോധികനെ കയ്യും കാലും കെട്ടിയിട്ട് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത്. കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ താമസിച്ചിരുന്ന ശിവൻകുട്ടി (65) യുടെ കൊലപാതകത്തിൽ കൊച്ചുമകളായ 13-വയസുകാരിയടക്കം പ്രായപൂർത്തിയാകാത്ത നാലുപേർ അറസ്റ്റിലായി. 13-കാരി നൽകിയ ക്വട്ടേഷൻ കൊല്ലം സ്വദേശികളായ മൂന്നുപേരാണ് ഏറ്റെടുത്തത്. കൊലപാതകത്തിനുശേഷം വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും പ്രതികൾ അപഹരിച്ചു.
അതേസമയം മോഷണ ശ്രമം ചെറുത്തപ്പോഴാണോ കൊലപാതകമെന്നത് പോലീസ് അന്വേഷിച്ച് വരികയാണ്. കൊലപാതക ദൃശ്യങ്ങൾ ലൈവാ.ി പെൺകുട്ടിവീഡിയോ കോളിലൂടെ കണ്ടുനിന്നുവെന്നും പോലീസ് പറയുന്നു. അപഹരിച്ച സ്വർണം വിറ്റ് പെൺകുട്ടിക്ക് ഐ ഫോണും പ്രതികൾക്ക് ബൈക്കും വാങ്ങാനാണ് ലക്ഷ്യമിട്ടതെന്നാണ് പറയുന്നത്. ഞായറാഴ്ച രാത്രിയിലായിരുന്നു കൊലപാതകമെന്നാണ് സൂചന. തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
ശിവൻകുട്ടിയുടെ കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കഴുത്തിൽ തുണി മുറുക്കിയ പാടുണ്ടായിരുന്നു. കഴുത്തുഞെരിച്ചു കൊന്നതായാണു മനസിലായതെന്നും ഒന്നിലധികംപേർ കൃത്യത്തിൽ പങ്കെടുത്തതായാണ് സൂചനയെന്നും തിങ്കളാഴ്ച പോലീസ് പറഞ്ഞിരുന്നു. പ്രസവത്തിനായി ശിവൻകുട്ടിയുടെ മകൾ ശ്രീകലയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഭാര്യ സരസ്വതിയും വണ്ടാനത്തായിരുന്നു. വീട്ടിൽ മറ്റാരുമില്ലാതിരുന്നതിനാൽ വിദ്യാർഥിനിയായ ചെറുമകൾ കവറാട്ടുള്ള കൂട്ടുകാരിയുടെ വീട്ടിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
അതേസമയം വീട്ടിൽനിന്ന് ആറുപവൻ സ്വർണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക പരിശോധനയിൽ ബന്ധുക്കൾ പറഞ്ഞിരുന്നത്. വീട്ടുസാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. അലമാരകളെല്ലാം കുത്തിത്തുറന്നിട്ടുണ്ട്. വീട്ടിലെ തുണിയുപയോഗിച്ചാണ് ശിവൻകുട്ടിയുടെ കൈകാലുകൾ കെട്ടിയിരിക്കുന്നത്. സംഭവം നടന്ന വീട് ഒറ്റപ്പെട്ട സ്ഥലത്താണ്. മുൻഭാഗത്ത് കെട്ടിടത്തിന്റെ നിർമാണം നടക്കുന്നതിനാൽ ആളുകളുടെ ശ്രദ്ധയെത്തില്ല. കൊലപാതകത്തിന് ശേഷം പോലീസ് എത്തി പരിശോധന നടത്തിയപ്പോൾ പോലീസ് നായ ആദ്യം ഓടിയെത്തിയത് പുതുതായി നിർമിക്കുന്ന കെട്ടിടത്തിലേക്കാണ്. ഇതോടെ ഈ വീടുമായി സഹകരിച്ചവരെ ചോദ്യംചെയ്യാനായിരുന്നു പോലീസിന്റെ നീക്കം. ഇതരസംസ്ഥാന തൊഴിലാളികൾ അടക്കമുള്ള ശിവൻകുട്ടിയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു.
മാത്രമല്ല കൊലപാതകത്തിന് ശേഷം വീട്ടിലെ മുറികളിലെല്ലാം മുളകുപൊടി വിതറിയിരുന്നു. വീടിന്റെ അടുക്കളയിൽനിന്ന് തന്നെയാണ് പ്രതികൾ മുളക് പൊടി എടുത്തിരിക്കുന്നത്. ഇതോടെ പ്രായപൂർത്തിയായവരാണ് കൊലപാതകത്തിനു പിന്നിലെന്നായിരുന്നു പ്രാഥമിക നിഗമനം. കൊല്ലം സ്വദേശികളായ ശിവൻകുട്ടിയും കുടുംബവവും രണ്ടുവർഷം മുൻപാണ് കരുവാറ്റയിൽ താമസം തുടങ്ങിയത്. വാടകവീടിനു തൊട്ടടുത്ത് സ്ഥലംവാങ്ങി രണ്ടു പെൺമക്കൾക്കായി വീടു പണിയുന്നുണ്ട്. ഒരു വീടിന്റെ പണി ഏകദേശം പൂർത്തിയായി. രണ്ടാമത്തെ വീടിന്റെ പണി പുരോഗമിക്കുകയാണ്. ശിവൻകുട്ടിക്ക് മൂന്നുമക്കളാണ്. മകൻ നേരത്തേ മരിച്ചു. മറ്റൊരു മകൾ ശശികല വിദേശത്താണ്.
എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി. യതീഷ് ചന്ദ്ര, എസ്.പി. ടി.കെ. വിഷ്ണുപ്രദീപ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. പോലീസിന്റെ ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം മണിക്കൂറുകളോളം തെളിവെടുപ്പു നടത്തുകയും ചെയ്തിരുന്നു.






