കോട്ടയം: വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞ് മുൻകൂറായി പണം വാങ്ങിയ ശേഷം കാറ്ററിങ് സർവീസ് മുങ്ങിയതായി പരാതി. കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിങ് സർവീസിനെതിരെയാണ് പൊലീസ് പരാതി ലഭിച്ചത്. മുണ്ടക്കയത്തും കഞ്ഞിക്കുഴിയിലുമായി ഇന്നലെ നടന്ന രണ്ട് വിവാഹച്ചടങ്ങുകൾക്കാണ് ഭക്ഷണം എത്താതിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലുമാണ് വിവാഹച്ചടങ്ങുകൾ നടന്നത്. രണ്ട് സ്ഥലത്തും ഭക്ഷണം എത്തിക്കാമെന്ന് ഏറ്റെടുത്തത് ഉദയം കാറ്ററിങ് സർവീസായിരുന്നു. ഓൺലൈനിലൂടെയാണ് ഇരുവീട്ടുകാരും കാറ്ററിങ് സർവീസിനെക്കുറിച്ച് അറിഞ്ഞത്. തുടർന്ന് കാറ്ററിങ് നടത്തിപ്പുകാരനായ വിഷ്ണുവിന് മുൻകൂറായി ഒരു ലക്ഷം രൂപ വീതം നൽകിയെന്നാണ് പരാതിക്കാരുടെ ആരോപണം.
ഇന്നലെ വിവാഹച്ചടങ്ങുകൾ പൂർത്തിയായിട്ടും ഭക്ഷണം എത്താതിരുന്നതോടെയാണ് വീട്ടുകാർ കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയത്. തുടർന്ന് ഹോട്ടലുകളിൽനിന്ന് ഭക്ഷണം എത്തിച്ചാണ് വിവാഹത്തിനെത്തിയ അതിഥികൾക്ക് നൽകിയത്. സംഭവത്തിൽ രണ്ട് വീട്ടുകാരും പൊലീസിൽ പരാതി നൽകി.
കഞ്ഞിക്കുഴിയിലെ പരാതി കോട്ടയം ഈസ്റ്റ് പൊലീസും ചോറ്റിയിലെ പരാതി മുണ്ടക്കയം പൊലീസുമാണ് അന്വേഷിക്കുന്നത്. സംഭവത്തിന് പിന്നാലെ ഉദയം കാറ്ററിങ് സർവീസിനെതിരെ സമൂഹമാധ്യമങ്ങളിലും വ്യാപക പ്രതികരണങ്ങളുണ്ടായി. സമാനമായ സംഭവങ്ങൾ നേരത്തെയും കാറ്ററിങ് സർവീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്ന് ആരോപിക്കുന്ന നിരവധി കമന്റുകളും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.




