മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം ഇന്ത്യൻ ജീവനക്കാരുമായി പോയ വാണിജ്യ കപ്പലിന് നേരെ ആക്രമണം. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം (MEA) അറിയിച്ചു. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ആക്രമണത്തിന് ഇരയായ കപ്പൽ MT El Gaia ആണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം ഒമാൻ തീരത്ത് ഞായറാഴ്ചയാണ് വാണിജ്യ കപ്പലിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യൻ ജീവനക്കാരെ രക്ഷപ്പെടുത്തി സുരക്ഷിതമായി കരയിലെത്തിച്ചതായും ഒരാൾക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും ഒമാൻ അധികൃതരുടെ നേതൃത്വത്തിൽ തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യൻ എംബസി ഒമാൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മേഖലയിൽ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ വാണിജ്യ കപ്പലുകൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
മേഖലയിലെ സംഘർഷാവസ്ഥ അടിയന്തരമായി കുറയ്ക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ചർച്ചകളും നയതന്ത്ര ഇടപെടലുകളും ശക്തമാക്കണമെന്നും ഇന്ത്യ ആവർത്തിച്ചു. വാണിജ്യ കപ്പലുകൾ, കടൽയാത്രികർ, സാധാരണക്കാർ, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മേഖലയിലെ അന്താരാഷ്ട്ര ജലപാതകളിലൂടെ കപ്പലുകൾക്ക് സുരക്ഷിതമായ സഞ്ചാരവും വ്യാപാരത്തിന്റെ സ്വതന്ത്ര ഒഴുക്കും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
പനാമയുടെ പതാക വഹിക്കുന്ന ടാങ്കർ കപ്പലായ El Gaiaയിലെ 14 ഇന്ത്യൻ പൗരന്മാരുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനം തങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് ഒമാനിലെ ഇന്ത്യൻ എംബസിയും അറിയിച്ചു. 13 ഇന്ത്യക്കാരുടെ രക്ഷാപ്രവർത്തനം പൂർത്തിയാക്കി അവരെ സുരക്ഷിതമായി കരയിലെത്തിച്ചതായും ഒരു ജീവനക്കാരനെ കണ്ടെത്താനുള്ള തിരച്ചിൽ ഒമാൻ അധികൃതർ തുടരുകയാണെന്നും എംബസി വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിന് നൽകിയ പിന്തുണയ്ക്കും സഹായത്തിനും ഒമാൻ അധികൃതർക്ക് എംബസി നന്ദി അറിയിച്ചു.
ഇന്ത്യൻ ജീവനക്കാരുള്ളതോ, ഇന്ത്യൻ പതാക വഹിക്കുന്നതോ ആയ നിരവധി കപ്പലുകൾ അടുത്തിടെ മധ്യപൂർവദേശത്ത് ആക്രമണങ്ങൾക്കും അപകടങ്ങൾക്കും ഇരയായിട്ടുണ്ട്. പ്രത്യേകിച്ച് ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തന്ത്രപ്രധാനമായ കടൽപാതയായ ഹോർമുസ് കടലിടുക്ക് വലിയ സുരക്ഷാ ഭീഷണിയുള്ള മേഖലയായി മാറിയിരിക്കുകയാണ്. ആഗോള എണ്ണവ്യാപാരത്തിനും കപ്പൽഗതാഗതത്തിനും നിർണായകമായ ഈ ജലപാതയിൽ സംഘർഷം ശക്തമായതോടെ വാണിജ്യ കപ്പലുകളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയും വർധിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസവും യെമൻ തീരത്തിന് സമീപം ചെങ്കടലിൽ ഇന്ത്യൻ പതാകയുള്ള വാണിജ്യ കപ്പലായ MSV Faize Noore Oliya മുങ്ങിയിരുന്നു. കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യൻ ജീവനക്കാരെയും അന്ന് രക്ഷപ്പെടുത്തിയിരുന്നു. ജീവനക്കാരുടെ സുരക്ഷയ്ക്കായി സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി യെമൻ അധികൃതരുമായി ചേർന്ന് പ്രവർത്തിച്ചിരുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
.






