തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ. താൻ ഉന്നയിച്ച ഗുരുതരമായ വിഷയങ്ങളിൽ സർക്കാരോ നിയമസംവിധാനങ്ങളോ ഇടപെടാത്തതിനെ തുടർന്നാണ് സമരമെന്ന് സനൽ കുമാർ പറഞ്ഞു. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പെടെ തെരുവിൽ പ്രദർശിപ്പിച്ചാണ് അദ്ദേഹം പ്രതിഷേധിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായി പുറത്തുവിടുക, റിപ്പോർട്ടിൽ പരാമർശിക്കുന്നതായി ആരോപിക്കപ്പെടുന്ന സെക്സ് റാക്കറ്റിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുക, തനിക്കെതിരെ മുമ്പുണ്ടായ കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരിക എന്നിവയാണ് സനൽ കുമാറിന്റെ പ്രധാന ആവശ്യങ്ങൾ. കഴിഞ്ഞ 100 ദിവസമായി സമൂഹമാധ്യമങ്ങളിലൂടെ വിഷയങ്ങൾ ഉന്നയിച്ചിട്ടും സർക്കാരും പൊതുസമൂഹവും തുടരുന്ന നിഷ്ക്രിയത്വം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘കഴിഞ്ഞ നൂറ് ദിവസമായി സമൂഹമാധ്യമങ്ങളിലൂടെ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും പൊതുസമൂഹം ഉണരുന്നില്ല. കേരള സർക്കാർ ഇതേപ്പറ്റി അന്വേഷിക്കാൻ തയാറാകുന്നില്ല. എന്റെ പേരിലുള്ള കേസിൽ അന്വേഷണം നടത്തുന്നില്ല. ഈ സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുന്നത്’ സനൽ കുമാർ പറഞ്ഞു.
താൻ ഉന്നയിച്ച വിഷയം സാമൂഹിക പ്രസക്തിയുള്ളതാണെന്നും വ്യക്തിപരമായ പ്രശ്നമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. ‘ഇതൊരു സാമൂഹിക പ്രശ്നമാണ്, വ്യക്തിപരമായ വിഷയമല്ല. വളരെ ഗുരുതരമായ ആരോപണമാണ് ഞാൻ ഉന്നയിച്ചിട്ടുള്ളത്. ഇതുവരെ അനുഭാവം പ്രകടിപ്പിച്ച് ഒരാളും മുന്നോട്ടുവന്നിട്ടില്ല’ എന്നും സനൽ കുമാർ പറഞ്ഞു.
താൻ വലിയൊരു മാഫിയയ്ക്കെതിരെയാണ് പോരാടുന്നതെന്നും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും സനൽ കുമാർ വ്യക്തമാക്കി. ‘ഇതെന്റെ മാത്രം വിഷയമല്ല. ഇന്നിവിടെ ഞാൻ ഒറ്റയ്ക്കാണുള്ളത്. വേറാരും ഇവിടെ ഇല്ല. എനിക്കെതിരെ എന്തുതരം ആക്രമണം വേണമെങ്കിലും ഉണ്ടാകാം. ഞാൻ പോരാടുന്നത് വലിയൊരു മാഫിയയ്ക്കെതിരെയാണ്. ദയവായി ആളുകൾ വന്ന് എന്നെ പിന്തുണയ്ക്കുക, മുന്നോട്ടുവരിക’ എന്നും അദ്ദേഹം അഭ്യർഥിച്ചു.






