കുവൈത്ത് സിറ്റി: ഗൾഫ് മേഖലയെ ആശങ്കയിലാഴ്ത്തി ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ രൂക്ഷമാകുന്നു. വ്യാഴാഴ്ച പുലർച്ചെ കുവൈത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ കുവൈത്ത് വ്യോമപ്രതിരോധ സേന വിജയകരമായി തടഞ്ഞു. മേഖലയിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകാതെ സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും കുവൈത്ത് സൈന്യം അറിയിച്ചു.
അമേരിക്കൻ ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാനിലെ സൈനിക താവളങ്ങളിൽ വൻ വ്യോമാക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ആവശ്യമെങ്കിൽ ഇനിയും ശക്തമായ ആക്രമണങ്ങൾ നടത്താൻ അമേരിക്ക സജ്ജമാണെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ 18 പേർ കൊല്ലപ്പെട്ടതായി ഇറാൻ അറിയിച്ചു. ഒരു വിവാഹച്ചടങ്ങിനുനേരെയുണ്ടായ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിവിധ പ്രവിശ്യകളിലായി നടന്ന ആക്രമണങ്ങളിൽ 108 പേർക്ക് പരിക്കേറ്റതായി ഇറാൻ ആരോഗ്യ മന്ത്രാലയവും അറിയിച്ചു.
ഇറാനുമേലുള്ള സാമ്പത്തിക സമ്മർദം കൂടുതൽ ശക്തമാക്കുമെന്നും ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്കും സഖ്യകക്ഷികൾക്കുമെതിരെ കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.
ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോരും സൈനിക ഏറ്റുമുട്ടലും ശക്തമായതോടെ മിഡിൽ ഈസ്റ്റിൽ കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്. ഗൾഫ് മേഖലയിലെ സ്ഥിതിഗതികൾ അന്താരാഷ്ട്ര സമൂഹം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.






