കോഴിക്കോട്: എല്ലാ കാലത്തും ശക്തമായ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് എൽഡിഎഫ് എന്നും എതിർപ്പ് ഉയരണമെങ്കിൽ സിപിഎം വളരണമെന്നും മുന്നേറണമെന്നും പിണറായി വിജയൻ. സർക്കാർ എല്ലാ വഴിയിലൂടെയും കമ്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കാൻ ശ്രമം നടക്കുകയാണെന്നും പിണറായി പറഞ്ഞു. കോഴിക്കോട്ട് സംഘടിപ്പിച്ച സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിന്റെ സമാപന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രവും ബിജെപിയും പ്രത്യയശാസ്ത്രപരമായി കമ്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുകയാണ്. മാത്രമല്ല രാജ്യത്ത് പൊതുവായി വർഗീയത ഉയർത്തി കൊണ്ടുവരുന്നു. ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വഖഫ് വിഷയത്തിൽ വിഡി സതീശൻ സർക്കാരും ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെട്ടുകഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വന്നെങ്കിൽ ഇതുണ്ടാകുമായിരുന്നോയെന്നും ചോദിച്ചു.
എന്നാൽ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട കടുത്ത തോൽവിയും തിരിച്ചടികളും ജനങ്ങൾക്ക് മുന്നിൽ തുറന്നുസമ്മതിക്കുകയായിരുന്നു സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ചെയ്തത്. തീവ്ര വലതുപക്ഷ വർഗീയ സാമുദായിക ഏകീകരണം കേരളത്തിൽ നടന്നെന്നും തോൽവിക്ക് അതൊരു പ്രധാന ഘടകമായിരുന്നെന്നും ബേബി പറഞ്ഞു. സിപിഎമ്മിൻ്റെ ഭാഗത്തും ചെറുതും വലുതുമായ പോരായ്മയുണ്ടായെന്നും സിപിഎം ജനറൽ സെക്രട്ടറി തുറന്നുസമ്മതിക്കുകയും ചെയ്തു.





