മുംബൈ: മഹാരാഷ്ട്രയിലെ ഏറ്റവും സമ്പന്നരായ എംഎൽഎമാരിൽ ഒരാളായ ബിജെപി നേതാവ് പരാഗ് ഷാ ഭിക്ഷക്കാരന്റെ വേഷത്തിൽ മുംബൈയിലെ ഘട്‌കോപ്പർ തെരുവുകളിൽ ഇറങ്ങി. സുരക്ഷാ ജീവനക്കാരെയും വാഹനത്തെയും വിലപിടിപ്പുള്ള വസ്തുക്കളുമെല്ലാം മാറ്റിവെച്ചാണ് ഘട്‌കോപ്പർ ഈസ്റ്റ് എംഎൽഎയായ ഷാ ഒരു ദിവസം മുഴുവൻ ഭിക്ഷക്കാരന്റെ വേഷത്തിൽ തെരുവിലൂടെ നടന്നത്. വ്യത്യസ്തമായ അനുഭവത്തിലൂടെ ജീവിതത്തിന്റെ യാഥാർഥ്യം അടുത്തറിയാൻ കഴിഞ്ഞെന്നാണ് അദ്ദേഹം പിന്നീട് പ്രതികരിച്ചു.
ഭിക്ഷക്കാരന്റെ വേഷത്തിലുള്ള പരാഗ് ഷായുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം ശ്രദ്ധ നേടിയത്. നിലവിൽ നടക്കുന്ന പ്രത്യേക ജൈന മതാചരണത്തിന്റെ ഭാഗമായി ജൈന ആത്മീയഗുരു നമ്ര മുനിയുടെ നിർദേശപ്രകാരമാണ് ഷാ ഈ പരീക്ഷണം നടത്തിയതെന്നാണ് റിപ്പോർട്ട്. ആളുകൾ തന്നെ തിരിച്ചറിയാതിരിക്കാനായി പ്രത്യേക മേക്കപ്പും നടത്തി. തുടർന്ന് ഘട്‌കോപ്പറിലെ തെരുവുകളിലൂടെ നടന്ന് അദ്ദേഹം ആളുകളോട് ഭിക്ഷ ചോദിച്ചു.
ഭിക്ഷ ചോദിക്കുന്നതിനൊപ്പം ലഭിച്ച ഭക്ഷണം കഴിക്കുകയും റോഡരികിൽ ഇരിക്കുകയും ചെയ്ത ഷാ, താൻ നേരിട്ട അനുഭവങ്ങൾ പിന്നീട് തന്റെ ഗുരുവിനോടും മറ്റുള്ളവരോടും പങ്കുവെച്ചു. ഒരാളുടെ സാമൂഹിക പദവിയെക്കുറിച്ച് അറിയാത്തപ്പോൾ മറ്റുള്ളവരുടെ പെരുമാറ്റം എങ്ങനെ മാറുന്നുവെന്ന് നേരിട്ട് മനസ്സിലാക്കാൻ ഈ അനുഭവം സഹായിച്ചുവെന്നാണ് ഷാ പറഞ്ഞത്.
“നിങ്ങളെ കാണാൻ ആളുകൾ കാത്തുനിൽക്കുകയും നിങ്ങൾക്ക് നൽകുന്ന എല്ലാ ബഹുമാനവും ആദരവും ലഭിക്കുകയും ചെയ്യുന്ന അതേ ആളുകളുടെ അടുത്തേക്ക് ഞാൻ മറ്റൊരു രൂപത്തിൽ ചെന്നപ്പോൾ അവർ എന്നേക്കാൾ ഉയരമുള്ളവരായി മാറി. അതാണ് ജീവിതത്തിന്റെ യാഥാർഥ്യം,” ഷാ പറഞ്ഞു.
തെരുവിൽ ഭിക്ഷ ചോദിക്കുന്നതിനിടെ മുംബൈയിലെ സാധാരണക്കാരുടെ കരുണയും ഷാ നേരിട്ട് അനുഭവിച്ചു. ഒരാൾ 20 രൂപ നൽകി ഭക്ഷണം കഴിക്കാനായി ഉപയോഗിക്കണമെന്ന് പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. മറ്റൊരിടത്ത്, തനിക്ക് പണമില്ലെന്ന് പറഞ്ഞപ്പോൾ ഒരു സമോസ വിൽപ്പനക്കാരൻ പണം വാങ്ങാതെ ഭക്ഷണം നൽകിയെന്നും ഷാ പറഞ്ഞു.
മേക്കപ്പ് അഴിച്ചുമാറ്റിയ ശേഷവും ഷാ നേരത്തെ സന്ദർശിച്ച ചില സ്ഥലങ്ങളിൽ തിരിച്ചെത്തി അവിടെ താൻ കണ്ടുമുട്ടിയ ആളുകളുമായി സംസാരിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ, നേരത്തെ ഭിക്ഷക്കാരന്റെ വേഷത്തിൽ എത്തിയപ്പോൾ തന്റെ യഥാർഥ വ്യക്തിത്വം അറിയാതിരുന്ന ഇവരുടെ പ്രതികരണം നിരീക്ഷിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
പരാഗ് ഷായുടെ ഈ പരീക്ഷണം ശ്രദ്ധ നേടാനുള്ള മറ്റൊരു പ്രധാന കാരണം അദ്ദേഹത്തിന്റെ വലിയ സമ്പത്താണ്. 2024ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ 3,383 കോടിയിലധികം രൂപയുടെ ആസ്തിയാണ് ഷാ പ്രഖ്യാപിച്ചത്. ഇതോടെ അന്ന് മഹാരാഷ്ട്രയിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർഥിയായി അദ്ദേഹം മാറിയിരുന്നു.
റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന വ്യവസായിയായ ഷാ നേരത്തെ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ (BMC) കൗൺസിലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ഘട്‌കോപ്പർ ഈസ്റ്റ് മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
സമ്പന്നനായ ജനപ്രതിനിധി തന്റെ പദവിയും സുരക്ഷയും വാഹനവുമെല്ലാം മാറ്റിവെച്ച് സാധാരണ ഭിക്ഷക്കാരന്റെ ജീവിതം അനുഭവിച്ച സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.
🙏 पवित्र पर्युषण पर्व पर एक प्रेरणादायी अनुभव 🙏
परम पूज्य राष्ट्रसंत श्री नम्रमुनि महाराज साहेब ने अपने प्रवचन में समाज के जरूरतमंद लोगों के प्रति संवेदनशीलता, करुणा और मानवता का संदेश दिया।
गुरुदेव की आज्ञा का पालन करते हुए वेशभूषा बदलकर घाटकोपर रेलवे स्टेशन परिसर में आम नागरिकों के बीच समय बिताया और उनके जीवन की वास्तविकताओं को करीब से अनुभव किया।
#ParyushanParv #NammramuniMaharajSaheb #Paryushan2026 #SevaBhaviParagShah2_0
— Parag Shah (@ParagShahBJP) September 14, 2026





