തിരുവനന്തപുരം: ബിജെപി ബൗദ്ധിക വിഭാഗം മുൻ കൺവീനർ ടി.ജി. മോഹൻദാസിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് സിജെഎം കോടതി. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്. ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. ജന്തർ മന്തറിൽ സമരം നടത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും അധിക്ഷേപിച്ച കേസിലാണ് ടി.ജി. മോഹൻദാസിനെ പോലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം കസ്റ്റഡി അപേക്ഷപോലും സമർപ്പിക്കാതെ പ്രതിയെ എങ്ങനെ കസ്റ്റഡിയിൽ എടുക്കാൻ കഴിയുമെന്ന് മോഹൻദാസിനുവേണ്ടി ഹാജരായ അഭിഭാഷകൻ ശാസ്തമംഗലം അജിത് വാദിച്ചു. കേസിൽ ജൂലൈ 27നാണ് പരാതി ലഭിച്ചത്. ഓഗസ്റ്റ് 9നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇത്രയും ദിവസത്തിനിടെ പോലീസ് നോട്ടിസ് നൽകിയില്ല. പോലീസ് അറിയിച്ചിരുന്നെങ്കിൽ യൂട്യൂബിൽനിന്ന് വീഡിയോ നീക്കം ചെയ്യുമായിരുന്നു. അതിനാൽതന്നെ പരാതി രാഷ്ട്രീയപ്രേരിതമാണെന്നും അഭിഭാഷകൻ വാദിച്ചു.
ഇതിനിടെ അറസ്റ്റിനു മുൻപ് പ്രതിക്ക് നോട്ടിസ് നൽകാത്തതെന്താണെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. എന്നാൽ നോട്ടിസ് കൊടുത്താൽ പ്രതി ഒളിവിൽപോകുമായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
അതേസമയം തിരുവനന്തപുരം സൈബർ പോലീസ് സംഘം മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിൽനിന്നാണു ഇന്നലെ മോഹൻദാസിനെ പിടികൂടിയത്. ഇൻസ്പെക്ടർ നൗഷാദിന്റെ നേതൃത്വത്തിലാണ് പോലീസ് സംഘമെത്തിയത്.






