കൊൽക്കത്ത: നാടാകെ ഡിസംബറിന്റെ കൊടുംതണുപ്പിൽ മൂടിപ്പുതച്ചുറങ്ങുമ്പോൾ തെരുവിൽ കിടന്ന നവജാതശിശുവിന് കാവൽ നിന്ന് നഗരത്തിലെ ഒരുകൂട്ടം തെരുവുനായ്ക്കൾ. കടിച്ചുകീറുമെന്നു പറഞ്ഞ് കാണുന്നവർ കണ്ടിടത്തുനിന്നൊക്കെ ആട്ടിപ്പായിച്ചിരുന്ന അതേ നായ്ക്കൾ… മിനിറ്റുകൾ മാത്രം മുൻപ് പിറന്ന ചോരക്കുഞ്ഞിനു ചുറ്റും സംരക്ഷണവലയം തീർത്തു അവർ… അവനായി ഒരു സുരക്ഷിതകരങ്ങൾ നീണ്ടുവരുന്നതുവരെ… ബംഗാളിലെ നദിയ ജില്ലയിൽ നബദ്വീപ് നഗരത്തിലാണ് ഹൃദയസംപർശിയായ സംഭവം നടന്നത്.
റെയിൽവേ ജീവനക്കാരുടെ കോളനിയിലെ ശുചിമുറിക്കു പുറത്ത് ആരോ നവജാതശിശുവിനെ ഉപേക്ഷിച്ചു പോകുകയായിരുന്നു. ഇതുകണ്ട നായ്ക്കൾ കുഞ്ഞിനു ചുറ്റും വലയം തീർത്തു. അവർ ആ കുഞ്ഞിനെ കുരച്ച് പേടിപ്പിച്ചില്ല, കുഞ്ഞിനെ കടിച്ചുകീറിയില്ല. പുലർച്ചെ, കുഞ്ഞിന്റെ കരച്ചിൽ മാത്രമാണ് കേട്ടതെന്ന് പരിസരവാസികൾ പറഞ്ഞു. പ്രദേശവാസിയായ ശുക്ല മണ്ഡൽ എന്നയാൾ എത്തിയപ്പോൾ നായ്ക്കൾ ഒരു വശത്തുനിന്ന് അനുസരണയോടെ മാറിക്കൊടുത്തു.
നിലവിൽ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടെ കുഞ്ഞിനെ ഉപേക്ഷിച്ച മാതാപിതാക്കളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.






