കോഴിക്കോട്: പട്രോളിങ് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ പിടിച്ചുപറിച്ച് റോഡിലെറിഞ്ഞ് തകർത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. താമരശ്ശേരി തച്ചംപൊയിൽ സ്വദേശി ഷാഹിദ് അലിയെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ ഹോംഗാർഡ് പി. ദിനേഷ്, ഹൈവേ പൊലീസിലെ സീനിയർ സിപിഒ സനോജ് കുമാർ എന്നിവർ നൽകിയ പരാതിയിലാണ് നടപടി.
ചീനിമുക്ക് ഭാഗത്ത് ഹൈവേ പട്രോളിങ് നടത്തുന്നതിനിടെ വാഹനം നിർത്തിയിരുന്ന പൊലീസ് ഉദ്യോഗസ്ഥരോട് പ്രതി അസഭ്യം പറയുകയും തുടർന്ന് വാഹനത്തിന്റെ പിൻസീറ്റിലിരുന്ന ഹോംഗാർഡ് ദിനേഷിന്റെ ഏകദേശം 25,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ പിടിച്ചുപറിച്ച് റോഡിലേക്ക് വലിച്ചെറിഞ്ഞ് തകർക്കുകയുമായിരുന്നു. മോട്ടോർസൈക്കിളിൽ സഞ്ചരിച്ചിരുന്ന തന്റെ ചിത്രം മൊബൈൽ ഫോണിൽ പകർത്തിയെന്ന സംശയമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതും പൊതുമുതൽ നശിപ്പിച്ചതും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പ്രതിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.



















































