കുമളി: ഹോസ്റ്റലിലെ ലഹരി ഉപയോഗത്തെപ്പറ്റി അധ്യാപകന് വിവരം നൽകിയ വിദ്യാർഥി, സഹപാഠികളിൽനിന്നു നേരിടേണ്ടി വന്നതു ക്രൂരമർദനമെന്നു കുടുംബം. വിദ്യാർഥിയുടെ സ്വകാര്യഭാഗത്തായിരുന്നു മർദനം. വിദ്യാർഥിയുടെ ഒരു വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നു. തൊടുപുഴയിലെ സ്ഥാപനത്തിൽ മൊബൈൽ ഫോൺ ആൻഡ് ലാപ്ടോപ് സർവീസ് കോഴ്സ് പഠിക്കുന്ന വിദ്യാർഥിയാണ് ആക്രമണത്തിനിരയായത്. വിദ്യാർഥി ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. ഹോസ്റ്റലിൽ ലഹരി ഉപയോഗിക്കുന്നവരുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി അധ്യാപകനു നൽകിയെന്ന പേരിലാണു വിദ്യാർഥിയെ മർദിച്ചത്.
താൻ ദൃശ്യങ്ങൾ പകർത്തി നൽകിയ കാര്യം ആരും അറിയരുതെന്നും തന്റെ വീട്ടിൽപോലും അറിയിക്കരുതെന്നും വിദ്യാർഥി അധ്യാപകനോടു പറഞ്ഞിരുന്നു. അധ്യാപകന്റെ നിർദേശപ്രകാരം തന്റെ ഫോണിൽനിന്നു വിദ്യാർഥി ദൃശ്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ ദൃശ്യങ്ങൾ പിന്നീടു പുറത്തായി. ദൃശ്യങ്ങൾ പകർത്തി നൽകാൻ ആവശ്യപ്പെട്ട അധ്യാപകൻ തന്നെയാണ് ഇവ കുറ്റക്കാരായ വിദ്യാർഥികൾക്കു കൈമാറിയതെന്നാണു വീട്ടുകാരുടെ പരാതി കാൻസർ രോഗിയായ പിതാവ് വിദ്യാഭ്യാസവായ്‌പയെടുത്താണു മകനെ പഠനത്തിന് അയച്ചത്.
അദ്ദേഹത്തിന്റെ ചികിത്സയ്ക്കുതന്നെ പണം കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോൾ മകന്റെ തുടർചികിത്സ എങ്ങനെ നടത്തുമെന്നറിയാതെ വിഷമത്തിലാണു കുടുംബം. വാടകവീട്ടിലാണു കുടുംബം താമസിക്കുന്നത്. എന്നാൽ, വിദ്യാർഥി അയച്ച വിഡിയോ ആർക്കെങ്കിലും ഷെയർ ചെയ്യുകയോ വിദ്യാർഥിയെപ്പറ്റിയുള്ള വിവരങ്ങൾ ആർക്കെങ്കിലും കൈമാറുകയോ ചെയ്തിട്ടില്ലെന്ന് അധ്യാപകർ പറഞ്ഞു. ആക്രമിക്കപ്പെട്ടതായി വിദ്യാർഥി തങ്ങളെ അറിയിച്ചിട്ടില്ലെന്നും സ്വന്തം നിലയ്ക്കാണു ചികിത്സ തേടിയതെന്നും അധ്യാപകർ പറയുന്നു. പരാതിൽ പറയുന്ന 3 വിദ്യാർഥികളും ഇപ്പോൾ സസ്‌പെൻഷനിലാണെന്നും സ്ഥാപന അധികൃതർ പറഞ്ഞു.






