പട്‌ന: ബിഹാറിലെ ബെഗുസാരായിൽ വീട്ടിൽ അതിക്രമിച്ച് കയറിയ അഞ്ചംഗ സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ജൂൺ 11നാണ് സംഭവം. ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു യുവതിക്ക് നേരെ ക്രൂരകൃത്യം. ആശുപത്രിയിൽ നടത്തിയ പരിശോധനയ്ക്കിടെ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽനിന്ന് ഒരു വെടിയുണ്ടയും കല്ലും തടിക്കഷ്ണവും പുറത്തെടുത്തു. രാത്രി 11:30ന് ശുചിമുറിയിൽ പോയതായിരുന്നു യുവതി. ഈ സമയം വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം യുവതിയുടെ ഭർത്താവിനെ മുറിയിൽ പൂട്ടിയിടുകയും ശുചിമുറിയിൽ നിന്ന് തിരിച്ചെത്തിയ യുവതിയെ ആക്രമിക്കുകയുമായിരുന്നെന്നാണു യുവതി നൽകിയ മൊഴിയിൽ പറയുന്നത്.
ആക്രമണകാരികൾ വീടിന് പുറത്തുള്ള ഒരു വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി അതിജീവിത പറഞ്ഞു. ബഹളം വെക്കാൻ ശ്രമിച്ചപ്പോൾ അവർ ബ്ലേഡ് ഉപയോഗിച്ച് നെഞ്ചിലും തുടയിലും വരഞ്ഞുവെന്നും യുവതി പറഞ്ഞു. ”ഞാൻ എന്റെ ഇളയ നാത്തൂനെ വിളിച്ചു, അവർ വന്ന് എന്റെ ഭർത്താവിനെ പുറത്തിറക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.
ഞങ്ങളോട് ആശുപത്രിയിൽ പോകാൻ ആവശ്യപ്പെട്ടു. ഞങ്ങൾ ബറൗണി ആശുപത്രിയിൽ പോയി, അവിടെ നിന്ന് ഞങ്ങളെ സദർ ആശുപത്രിയിലേക്ക് റഫർ ചെയ്തു. എനിക്ക് ചികിത്സ ലഭിച്ചു, എങ്കിലും എന്റെ രഹസ്യഭാഗങ്ങളിൽ തുടർച്ചയായ വേദനയുണ്ടായിരുന്നു. ആ മെഡിക്കൽ പരിശോധനയ്ക്കിടയിൽ, കുറ്റകൃത്യത്തിനിടയിൽ ഉണ്ടായ പരിക്കുകൾ കാരണമാണ് വേദനയെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പിന്നീട് ഞങ്ങൾ വീട്ടിലേക്ക് പോയി. എനിക്ക് കഠിനമായ വേദനയുണ്ടായിരുന്നതിനാൽ ഞങ്ങൾ വീണ്ടും സദർ ആശുപത്രിയിൽ വന്നു.
തുടർന്നുള്ള മെഡിക്കൽ പരിശോധനയിൽ, ഒരു വെടിയുണ്ടയും കല്ലും ഒരു മരക്കഷ്ണവും പുറത്തെടുത്തു. എനിക്ക് ഇപ്പോഴും വേദനയുണ്ട്”- അതിജീവിത മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബോധം നഷ്ടപ്പെട്ടിരുന്നതിനാൽ ഈ വസ്തുക്കളെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് അതിജീവിത പറഞ്ഞു. മൂന്ന് മാസം മുമ്പ് മൂന്ന് ക്രിമിനലുകൾ തന്റെ വീട്ടിൽ അതിക്രമിച്ചു കയറി തന്നെ മർദിച്ചിരുന്നതായി അതിജീവിത പറഞ്ഞു. പണവും ആഭരണങ്ങളുമായി കടന്നുകളയുന്നതിന് മുമ്പ് അവർ അവളെ ലൈംഗികമായി ഉപദ്രവിക്കാനും ശ്രമിച്ചിരുന്നു. പൊലീസിൽ വിവരമറിയിച്ചിരുന്നെങ്കിലും അവർ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അതിജീവിത പറഞ്ഞു.















































