ചണ്ഡിഗഢ്: തനിക്ക് സംഭവിച്ചതെല്ലാം ഇവൾ സ്വന്തം വാക്കുകളിൽ ഉടൻ വെളിപ്പെടുത്തുമെന്ന് സുഹൃത്ത് സോഷ്യൽ മീഡിയയിലൂടെ ഉറപ്പുനൽകിയെങ്കിലും ആ വാക്കുകൾ യാഥാർഥ്യമാകാതെ പോയി. തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച ശേഷം തീകൊളുത്തിയെന്ന ആരോപണത്തെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 28കാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മൻജീത് കൗർ മരണത്തിനു കീഴടങ്ങി. ഓഗസ്റ്റ് 26ന് ചണ്ഡിഗഢിലെ പിജിമർ ആശുപത്രിയിലായിരുന്നു അന്ത്യം. പൊള്ളലേറ്റ് ഏകദേശം രണ്ട് മാസത്തോളം ഗുരുതരാവസ്ഥയിൽ ചികിത്സയിലായ ശേഷമാണ് മരണം.
മൻജീത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ജൂലൈ 28ന് പഞ്ചാബ് സ്വദേശിയായ ഇൻഫ്ലുവൻസർ ഗിൽമൊഹാലി സോഷ്യൽ മീഡിയയിൽ അവരുടെ ആരോഗ്യനിലയെക്കുറിച്ച് അപ്ഡേറ്റ് പങ്കുവച്ചിരുന്നു. മൻജീത്ത് സുഖം പ്രാപിച്ചുവരികയാണെന്നും ഏകദേശം 50 ശതമാനം ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. 10 മുതൽ 15 ദിവസത്തിനകം മൻജീത്ത് തന്നെ സോഷ്യൽ മീഡിയ ലൈവിലെത്തി തനിക്ക് സംഭവിച്ചതെല്ലാം വിശദീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ആരാണ് ഇതിന് പിന്നിൽ, എന്താണ് സംഭവിച്ചത്, എങ്ങനെയാണ് സംഭവിച്ചത് തുടങ്ങിയ കാര്യങ്ങൾ മൻജീത്ത് തന്നെ തുറന്നുപറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
“വിധിയെഴുതാൻ വീട്ടിലിരുന്ന് ശ്രമിക്കരുത്. ഒരാളെക്കുറിച്ച് നല്ലത് പറയാൻ കഴിയുന്നില്ലെങ്കിൽ മോശമായി ഒന്നും പറയാതിരിക്കുക. അവളുടെ കുടുംബം വളരെയധികം ഭയന്നിരിക്കുകയാണ്. അവൾക്കു സംഭവിച്ചതും അവൾ പ്രതീക്ഷിച്ചതും തമ്മിലുള്ള വ്യത്യാസം ഓർത്ത് മൻജീത്തും ഭയത്തിലാണ്,” എന്നായിരുന്നു അന്ന് പങ്കുവച്ച സന്ദേശത്തിന്റെ ഉള്ളടക്കം. എന്നാൽ മൻജീത്തിന് സ്വന്തം വാക്കുകളിൽ കാര്യങ്ങൾ പറയാനുള്ള അവസരം ലഭിക്കുന്നതിന് മുമ്പ് ആരോഗ്യനില വീണ്ടും വഷളാവുകയും ഒടുവിൽ മരണം സംഭവിക്കുകയുമായിരുന്നു.
മൻജീത്തിന്റെ അമ്മ പോലീസിന് നൽകിയ പരാതിപ്രകാരം ജൂലൈ 3നാണ് സംഭവങ്ങളുടെ തുടക്കം. ചണ്ഡിഗഢിലെ സെക്ടർ 34ൽ ഒരു മദ്യവിൽപ്പനശാലയ്ക്ക് സമീപം പരിചയക്കാരായ ശുഭിയും പിൻഡയും മൻജീത്തിനെ കാണാനായി വിളിച്ചുവരുത്തിയെന്നാണ് പരാതി. അവിടെ എത്തിയ മൻജീത്തിനെ ഇരുവരും നിർബന്ധിച്ച് കാറിൽ കയറ്റുകയും തുടർന്ന് പഞ്ചാബിലെ രൂപ്നഗർ ജില്ലയിലെ മൊറിന്ദയിലേക്ക് കൊണ്ടുപോകുകയും ചെയ്തെന്നാണ് ആരോപണം.
മൊറിന്ദയിലെത്തിച്ച ശേഷം മൻജീത്തിനെ ക്രൂരമായി മർദിച്ചെന്നും ഒരു മൾബറി മരത്തിൽ കെട്ടിയിട്ട ശേഷം തീകൊളുത്തിയെന്നും അമ്മയുടെ പരാതിയിൽ പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ മൻജീത്തിനെ പിന്നീട് മറ്റൊരു സുഹൃത്ത് കണ്ടെത്തുകയായിരുന്നു. പുതപ്പ് ഉപയോഗിച്ച് തീ അണച്ച ശേഷമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
ആദ്യം മൊറിന്ദയിലെ ആശുപത്രിയിലാണ് മൻജീത്തിന് ചികിത്സ നൽകിയത്. പൊള്ളലിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് പിന്നീട് മൊഹാലിയിലെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ജൂലൈ 9ന് വിദഗ്ധ ചികിത്സയ്ക്കായി ചണ്ഡിഗഢിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആഴ്ചകളോളം മൻജീത്ത് അബോധാവസ്ഥയിലായിരുന്നു. ഓഗസ്റ്റ് 5ന് കുറച്ചുസമയത്തേക്ക് ബോധം വീണ്ടെടുത്തപ്പോൾ സംഭവത്തെക്കുറിച്ച് കുടുംബാംഗങ്ങളോട് വിവരിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ പിന്നീട് ആരോഗ്യനില വീണ്ടും മോശമായി. ഗുരുതര പൊള്ളലുകളെ തുടർന്ന് ചികിത്സ തുടരുന്നതിനിടെയാണ് ഓഗസ്റ്റ് 26ന് മരണം സംഭവിച്ചത്.
മൻജീത്തിന്റെ മരണത്തിന് പിന്നാലെ സംഭവത്തിൽ കൊലപാതകക്കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ 140(1) വകുപ്പ് പ്രകാരമുള്ള തട്ടിക്കൊണ്ടുപോകൽ, 103(1) വകുപ്പ് പ്രകാരമുള്ള കൊലപാതകം, 3(5) വകുപ്പ് പ്രകാരമുള്ള കൂട്ടായ ക്രിമിനൽ ഉത്തരവാദിത്വം എന്നീ വകുപ്പുകളാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൻജീത്തിന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് സെക്ടർ 34 പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഷാദി ലാൽ അറിയിച്ചു.
കേസിലെ പ്രതികളെന്ന് പരാതിയിൽ പറയുന്ന ശുഭിയെയും പിൻഡയെയും കണ്ടെത്തുന്നതിനായി പോലീസ് തിരച്ചിൽ ശക്തമാക്കി. ഇവരെ പിടികൂടുന്നതിനായി വിവിധ സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പോലീസ് പരിശോധിച്ചുവരികയാണ്. മൻജീത്തിനെ ചണ്ഡിഗഢിൽ നിന്ന് മൊറിന്ദയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.
അതേസമയം, ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് പറയുന്നു. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന മൻജീത്തിന് നിരവധി ആരാധകരുണ്ടായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വിവിധ വീഡിയോകളും റീലുകളും പങ്കുവെച്ചാണ് അവർ ശ്രദ്ധ നേടിയത്. വിവാഹമോചിതയായ മൻജീത്തിന് ഏഴുവയസുള്ള മകനുണ്ട്.






