കോഴിക്കോട്: കരിപ്പൂരിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിലും പിതാവിന്റെ ശരീരത്തിലുമായി ഒരു കോടി രൂപ വില വരുന്ന സ്വർണം ഒളിപ്പിച്ചു കടത്തുന്നതിനിടെ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇയാളുടെ ഭാര്യ കഴിഞ്ഞ ശനിയാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണക്കടത്തിനു പിടിയിലായിരുന്നു. അവരുടെ പക്കൽ നിന്ന് 1.78 കിലോ സ്വർണമാണ് കഴിഞ്ഞ ശനിയാഴ്ച കസ്റ്റംസ് പിടികൂടിയത്. നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായ ഇവർ നാപ്‌കിനിലാണു സ്വർണമിശ്രിതം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.
അതേസമയം മലപ്പുറം പൊന്നാനി സ്വദേശിയായ ഇവരുടെ ഭർത്താവ് എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ കടത്തുന്നതിനിടെ കരിപ്പൂരിൽ വച്ചാണ് സ്വർണമിശ്രിതം പിടിച്ചത്. രഹസ്യവിവരത്തെ തുടർന്ന് കോഴിക്കോട്ടുനിന്നെത്തിയ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) സംഘമാണു സ്വർണക്കടത്ത് കണ്ടെത്തിയത്.
പൊന്നാനി സ്വദേശിയും മൂന്നു മക്കളുമാണ് റാസൽഖൈമയിൽനിന്നു ചൊവ്വാഴ്ച രാത്രി കരിപ്പൂരിൽ വിമാനമിറങ്ങിയത്. അരക്കോടിയോളം രൂപ വില വരുന്ന അരക്കിലോയോളം സ്വർണമാണ് കുട്ടിയുടെ ഡയപ്പറിൽ കണ്ടെത്തിയത്. തുടർപരിശോധനയിൽ പിതാവിന്റെ ശരീരത്തിൽ ഒളിപ്പിച്ച ബാക്കി സ്വർണമിശ്രിതം ലഭിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.






