കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജ് മോർഫിങ് കേസുമായി ബന്ധപ്പെട്ട് 4 ടെലഗ്രാം ഗ്രൂപ്പുകൾ പോലീസിന്റെ നിരീക്ഷണത്തിൽ. കേസിലെ രണ്ടാം പ്രതിയായ ആലപ്പുഴ സ്വദേശി സനീഷ് ആരംഭിച്ച ‘മല്ലു പ്രീമിയം’ അടക്കമുള്ള ഈ ടെലഗ്രാം ഗ്രൂപ്പുകളിലെ അഡ്മിൻമാർ, അംഗങ്ങൾ എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചുവെന്നാണ് റിപ്പോർട്ട്. വിദ്യാർഥികളുടെയും അധ്യാപകരുടെയും വ്യാജമായി നിർമിച്ച അശ്ലീല ചിത്രങ്ങളാണ് ഈ ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചത്. അതേസമയം പ്രതികളുടെ മൊബൈൽ ഫോണുകളിൽ പ്രായപൂർത്തിയാകാത്തവരുടെ ചിത്രങ്ങളും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും കണ്ടെത്തിയതിനെ തുടർന്ന് ഇരുവർക്കുമെതിരെ പോക്സോ വകുപ്പുകളും ചുമത്തിയെന്ന് സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു.
പ്രതികൾ ഗ്രൂപ്പുകളിൽ പങ്കുവച്ച ചിത്രങ്ങളുടെ കൂടുതൽ അശ്ലീല ദൃശ്യങ്ങൾ നൽകാം എന്നു പറഞ്ഞ് പ്രമോഷൻ നടത്തുകയും തുടർന്ന് പണം ഈടാക്കി അംഗത്വം നൽകിയ പ്രീമിയം ഗ്രൂപ്പിലേക്ക് ആളുകളെ ചേർത്ത് ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. പണം വാങ്ങി പ്രവേശനം നൽകിയ ഈ ഗ്രൂപ്പിൽ 12 പേരാണ് ഉണ്ടായിരുന്നത്.
അതേസമയം ടെലഗ്രാം ഗ്രൂപ്പിൽ ഉപയോഗിച്ചിരിക്കുന്ന ഒരു ഫോൺ നമ്പർ ജാർഖണ്ഡിൽ നിന്നുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സിം മലയാളികൾ ആരെങ്കിലും അവിടെ നിന്നും തരപ്പെടുത്തിയതാണോ അതോ മറ്റാരുടെയെങ്കിലും നമ്പർ ദുരുപയോഗം ചെയ്തതാണോ അതുമല്ലെങ്കിൽ ഇതര സംസ്ഥാനക്കാർക്ക് ഈ റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇതിനിടെ വിദേശ ഫോൺ നമ്പറുകൾ ഉപയോഗിച്ച് പല ടെലഗ്രാം അക്കൗണ്ടുകളും നിർമിച്ചിരിക്കുന്നത് എന്നത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്. എങ്കിലും കൂടുതൽ വിവരങ്ങൾ തേടി കൊച്ചി സിറ്റി പോലീസ് ടെലഗ്രാമിന് വീണ്ടും ഔദ്യോഗികമായി കത്തയച്ചു. നിലവിൽ നിരീക്ഷണത്തിലുള്ള ടെലഗ്രാം ഗ്രൂപ്പുകളിൽ ഉൾപ്പെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ടെലഗ്രാമിൽനിന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
മോർഫിങ് കേസിൽ തൃക്കാക്കര കോളേജിലെ വിദ്യാർഥിയായ ശ്രീഹരിയാണ് ആദ്യം അറസ്റ്റിലാകുന്നത്. ശ്രീഹരി പങ്കുവച്ച ചിത്രങ്ങളുടെ തുടരന്വേഷണത്തിലാണ് പ്രീമിയം ഗ്രൂപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നതും തുടർന്ന് സനീഷ് അറസ്റ്റിലാകുന്നതും. പിടിച്ചെടുത്ത മൊബൈൽ ഫോണുകളും മറ്റു ഡിജിറ്റൽ ഉപകരണങ്ങളും വിശദമായ ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
പ്രതികളുമായി ബന്ധമുള്ള ചിലരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ ചോദ്യം ചെയ്തുവരികയാണെന്നും പെോലീസ് വൃത്തങ്ങൾ പറഞ്ഞു. പ്രതികൾ പണം ലക്ഷ്യമിട്ടു തന്നെയാണ് ഗ്രൂപ്പുകൾ രൂപീകരിച്ച് ചിത്രങ്ങൾ പങ്കുവച്ചതെന്നാണ് മനസിലാകുന്നതെന്നും കമ്മിഷണർ പറഞ്ഞു. ചിത്രങ്ങൾ പ്രചരിപ്പിച്ചവർ, ഡൗൺലോഡ് ചെയ്തവർ, ഗ്രൂപ്പിൽ അംഗങ്ങളായവർ എന്നിവർക്കെതിരെ തെളിവുകളുടെ അടിസ്ഥാനത്തിൽ ശക്തമായ നിയമനടപടി സ്വീകരിക്കും. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും സമഗ്രമായ ചോദ്യം ചെയ്യലിനുമായി മുഖ്യപ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് പോലീസ്. പരിശോധനകൾ പൂർത്തിയാകുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകളിലേക്ക് കടക്കുമെന്നാണ് സൂചന.





