പിലിഭിത്: ഉത്തർപ്രദേശിലെ പിലിഭിത്തിൽ ട്രക്ക് ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹമുൾപ്പെടെ വാഹനം കത്തിച്ച് സംഭവം അപകടമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെന്ന കേസിൽ 40കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ട്രക്ക് ഡ്രൈവർ ബൽവീന്ദർ സിങ്ങും പ്രതിയായ അമൻദീപ് കൗറും തമ്മിലുള്ള ബന്ധത്തിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
ജൂലൈ 10നാണ് കത്തിക്കരിഞ്ഞ നിലയിൽ ബൽവീന്ദർ സിങ്ങിന്റെ മൃതദേഹം ട്രക്കിനുള്ളിൽ കണ്ടെത്തിയത്. ട്രക്ക് കത്തി അപകടത്തിൽപ്പെട്ടതാകാമെന്നായിരുന്നു ആദ്യഘട്ടത്തിൽ സംശയിച്ചത്. എന്നാൽ അന്വേഷണത്തിനിടെ സംഭവം കൊലപാതകമാണെന്നും തെളിവുകൾ നശിപ്പിക്കുന്നതിനായി ട്രക്ക് മനഃപൂർവം കത്തിച്ചതാണെന്നും പോലീസ് കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ രണ്ടുമൂന്ന് വർഷമായി ബൽവീന്ദറുമായി ബന്ധത്തിലായിരുന്നുവെന്ന് അമൻദീപ് കൗർ പോലീസിനോട് സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നീട് ബന്ധം അവസാനിപ്പിക്കാൻ കൗർ ശ്രമിച്ചെങ്കിലും ബൽവീന്ദർ എതിർത്തു. തങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കുടുംബാംഗങ്ങൾക്ക് കാണിക്കുമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറയുന്നു.
ഇതോടെ കഴിഞ്ഞ മാസം ധന്നാ ബാബ ഗുരുദ്വാരയ്ക്ക് അപ്പുറത്തുള്ള കനാലിന് സമീപം ട്രക്കിനുള്ളിൽ വെച്ച് കൗർ ബൽവീന്ദറിനെ ഇരുമ്പുവടി ഉപയോഗിച്ച് ആക്രമിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഗുരുതരമായി പരുക്കേറ്റ ബൽവീന്ദർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് പറയുന്നു.
തുടർന്ന് ട്രക്കിൽ ഡീസൽ ഒഴിച്ച് തീകൊളുത്തി മൃതദേഹവും വാഹനവും കത്തിക്കുകയും സംഭവം അപകടമെന്ന് തോന്നിക്കുന്ന രീതിയിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന ഇരുമ്പുവടിയും പ്ലാസ്റ്റിക് കാനും പോലീസ് കണ്ടെടുത്തു.
സംഭവത്തിൽ പിലിഭിത്തിലെ ഗോമതി ഗുരുദ്വാരയ്ക്ക് സമീപത്തുനിന്നാണ് അമൻദീപ് കൗറിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് സൂപ്രണ്ട് സുകീർത്തി മാധവ് അറിയിച്ചു. സുഖ്വീന്ദർ സിങ്ങിന്റെ ഭാര്യയായ കൗർ റാംപൂർ ജില്ലയിലെ ബിലാസ്പുര സ്വദേശിനിയാണ്. നിലവിൽ രുദ്രപുരിലാണ് താമസിച്ചിരുന്നത്. കൊല്ലപ്പെട്ട ബൽവീന്ദർ സിങ്ങിന്റെ സഹോദരൻ ഗുർമീത് സിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജൂലൈ 24ന് ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 103(1) പ്രകാരം കൊലപാതകക്കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ബന്ധത്തിലെ തർക്കവും സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന ഭീഷണിയും കൊലപാതകത്തിന് പിന്നിലെ കാരണമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അറസ്റ്റ് ചെയ്ത അമൻദീപ് കൗറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു.






