പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച് സിഎംപി നേതാവ് പി കെ ശശി. ലോകം മാറിയത് അറിയാത്തയാളാണ് എം വി ഗോവിന്ദനെന്നും എഴുപതുകളിൽ ഓത്തുപള്ളിയിൽ പഠിച്ച കിത്താബുമായി ഇപ്പോഴും ക്ലാസെടുത്ത് നടക്കുകയാണെന്നും പി കെ ശശി പരിഹസിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴയിൽ നടന്ന യുഡിഎഫ് പൊതുയോഗത്തിലായിരുന്നു പരാമർശം.
സിപിഎമ്മിന്റെ പഠന ക്ലാസുകളെയും പി കെ ശശി വിമർശിച്ചു. പഠന ക്ലാസിൽ ഇരുന്നാൽ ഫോൺ എടുക്കാൻ പോലും കഴിയില്ലെന്നും ഭാര്യക്ക് പോലും വിളിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സിപിഎമ്മിൻ്റെ പഠന ക്ലാസുകളിൽ ഇരുന്നാൽ ഫോൺ എടുക്കാൻ പറ്റില്ല. ഭാര്യക്ക് പോലും വിളിക്കാൻ പറ്റില്ല. പഠന ക്ലാസുകളിൽ പങ്കെടുത്ത് ജീവിതം ഇല്ലാതെ ആയ ആളാണ് താനെന്നും’ പി കെ ശശി പറഞ്ഞു.
എം വി ഗോവിന്ദന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രസ്താവനകളെയും വിമർശിച്ചുകൊണ്ടായിരുന്നു പി കെ ശശിയുടെ പരാമർശങ്ങൾ.






