വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കപ്പലുകൾ ഉപരോധിക്കുന്നതിൽ ഇടപെട്ടാൽ ഒമാൻ ബോംബ് വയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ ഫോൺ അഭിമുഖത്തിലാണ് ട്രംപ് കടുത്ത മുന്നറിയിപ്പ് നൽകിയത്. ഹോർമുസ് കടലിടുക്കിലെ അമേരിക്കൻ ഉപരോധത്തിന് ഒമാൻ തടസമാകുകയാണെങ്കിൽ അവരെ “ബോംബിട്ട് തകർക്കും” എന്നായിരുന്നു ട്രംപിന്റെ പരാമർശം.
അതുപോലെ ഇറാനെ സമ്മർദത്തിലാക്കുന്നതിനാണ് കടൽ ഉപരോധം തുടരുന്നതെന്ന് ട്രംപ് വ്യക്തമാക്കി. സംഘർഷം അവസാനിപ്പിക്കുന്നതിന് സമയ പരിധിയില്ലെന്നും തനിക്ക് യാതൊരു തിടുക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഏകദേശം ആറ് മാസമായി തുടരുന്ന അമേരിക്ക– ഇറാൻ സംഘർഷം ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണയടക്കമുള്ള ചരക്ക് ഗതാഗതത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.
സംഘർഷം നീണ്ടുപോകുന്നതിനിടെ ആഗോള എണ്ണ, പ്രകൃതിവാതക വിലകളും ഉയർന്നു. ഇത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ സമ്മർദം വർധിപ്പിക്കുകയും നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപ് ഭരണകൂടത്തിനും റിപ്പബ്ലിക്കൻ പാർട്ടിക്കും രാഷ്ട്രീയ വെല്ലുവിളിയാകുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സംബന്ധിച്ച് ഇറാനും ഒമാനും തമ്മിൽ ധാരണയ്ക്കുള്ള നീക്കങ്ങൾ നടക്കുകയാണ്. ഇരു രാജ്യങ്ങളും സുരക്ഷിതമായ കപ്പൽ ഗതാഗതത്തിനായി പ്രത്യേക പാതകൾ ഉൾപ്പെടുന്ന ‘ഷിപ്പിങ് മാപ്പ്’ തയ്യാറാക്കുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങളുടെയും പരമാധികാരം സംരക്ഷിച്ചുകൊണ്ടുള്ള സ്വതന്ത്ര ധാരണയുടെ ഭാഗമായിരിക്കും നിർദേശിക്കപ്പെടുന്ന പദ്ധതി.
മാത്രമല്ല ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി അടുത്ത ഘട്ട ചർച്ചകൾ നടക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കപ്പൽ ഗതാഗതത്തിനുള്ള ഫീസ്, സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ അന്തിമ ധാരണയായിട്ടില്ല. ഒമാനുമായുള്ള ധാരണ മാത്രം ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് മതിയാകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചിയും വ്യക്തമാക്കി. കടലിടുക്ക് തുറക്കണമെങ്കിൽ അമേരിക്ക ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറും പാക്കിസ്ഥാനും ഇടനിലക്കാരായി അമേരിക്കയ്ക്കും ഇറാനും ഇടയിൽ സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്നും അറാഖ്ചി വ്യക്തമാക്കി. എന്നാൽ ഇതിനെ ഔദ്യോഗിക ചർച്ചയായി കാണാനാകില്ലെന്നും അമേരിക്കയുമായി ചർച്ച പുനരാരംഭിക്കുന്നതിൽ ഇറാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ–ഒമാൻ ചർച്ചകളിൽ അമേരിക്ക നേരിട്ട് പങ്കാളിയല്ല. പേർഷ്യൻ ഗൾഫിനെയും ഒമാൻ ഉൾക്കടലിനെയും അറബിക്കടലിനെയും ബന്ധിപ്പിക്കുന്ന പ്രധാന ജലപാതയിലൂടെയുള്ള സ്വതന്ത്ര കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാത്ത ഒരു ധാരണ അമേരിക്ക അംഗീകരിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
ഇതിനിടെ ഹോർമുസ് മേഖലയിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും തുടരുകയാണ്. ശനിയാഴ്ച ഒരു ബൾക്ക് കാരിയറിന്റെ പുറംചട്ടയിൽ ഒരു പ്രോജക്ടൈൽ പതിച്ചതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. വ്യാഴാഴ്ച അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ രണ്ട് കപ്പലുകൾക്കും വെള്ളിയാഴ്ച മറ്റൊരു കപ്പലിനും ആക്രമണമുണ്ടായതായി യുഎഇ ഔദ്യോഗിക വാർത്താ ഏജൻസിയായ WAM റിപ്പോർട്ട് ചെയ്തു.
ഓഗസ്റ്റ് 11 വരെയുള്ള കണക്കനുസരിച്ച്, സംഘർഷത്തിനിടെ ഹോർമുസ് കടലിടുക്കിലും വിശാലമായ മിഡിൽ ഈസ്റ്റ് മേഖലയിലും കപ്പലുകളുമായി ബന്ധപ്പെട്ട 65 സ്ഥിരീകരിച്ച സംഭവങ്ങൾ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 17 നാവികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഇതിനിടെ ഇറാനെതിരെ കൂടുതൽ സാമ്പത്തിക നടപടികൾ സ്വീകരിക്കാനും അമേരിക്ക ഒരുങ്ങുകയാണ്. ഇറാന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. നവംബറിലെ അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് സംഘർഷം അവസാനിക്കാത്തതിനെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹോർമുസിലെ നിയന്ത്രണത്തെ ‘സ്റ്റീൽ മതിൽ’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ഹോർമുസിനെ ഫലപ്രദമായി നിയന്ത്രിക്കാൻ അമേരിക്കയ്ക്ക് കഴിയുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. വെള്ളിയാഴ്ച ലോങ് ഐലൻഡിൽ നടത്തിയ പ്രസംഗത്തിൽ ഹോർമുസ് കടലിടുക്കിനെ “അമേരിക്കയുടെ പ്രദേശമായി പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ഉടൻ തീരുമാനമെടുക്കും” എന്നും ട്രംപ് പറഞ്ഞിരുന്നു.




