തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിലെ സർക്കാർ ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം ആലപിക്കാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ദേശീയഗാനം മാത്രമാണ് ഉൾപ്പെടുത്തിയിരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വി.ഡി. സതീശന്റെയും മുഹമ്മദലി ജിന്നയുടെയും കോലം ഉയർത്തിയായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം. തുടർന്ന് കോലങ്ങൾ കത്തിക്കുകയും ചെയ്തു.
വി.ഡി. സതീശന് ജിന്നയുടെ രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് ആരോപിച്ചു. മുഖ്യമന്ത്രിക്കൊപ്പം ജിന്നയുടെ പ്രേതവും കൂടിയെന്നും മഹാത്മാഗാന്ധിയുടെ രാഷ്ട്രീയം മറന്ന് മൗദൂദിയുടെ രാഷ്ട്രീയം മുഖ്യമന്ത്രി പിന്തുടരുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ജമാഅത്തെ ഇസ്ലാമിയുടെയും മുസ്ലിം ലീഗിന്റെയും പിന്തുണയോടെയാണ് വി.ഡി. സതീശൻ മുഖ്യമന്ത്രിയായതെന്നും എസ്. സുരേഷ് ആരോപിച്ചു. എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തെയും അദ്ദേഹം വിമർശിച്ചു. അവിടെ രാജ്യത്തെ അപമാനിച്ചെന്നും ഇറ്റലിയുടെ ദേശീയഗാനം പാടിയിരുന്നെങ്കിൽ തൃപ്തിയാകുമായിരുന്നുവെന്നും സുരേഷ് പറഞ്ഞു.
വന്ദേമാതരം മുഴുവനായും ആലപിക്കുന്നതിനെതിരെ മുഹമ്മദലി ജിന്ന നേതൃത്വം നൽകിയ മുസ്ലിം ലീഗ് പ്രമേയം കൊണ്ടുവന്നിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ദേശീയഗാനവും ദേശീയപതാകയും ഉയർത്താൻ കഴിയാത്ത കശ്മീരിൽ പോലും ഇന്ന് വന്ദേമാതരം ആലപിക്കുന്നുണ്ടെന്നും എസ്. സുരേഷ് പറഞ്ഞു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജും പ്രതിഷേധത്തിൽ പങ്കെടുത്തു.




