ആംസ്റ്റൽവീൽ (നെതർലൻഡ്‌സ്): ലോകകപ്പ് ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തോടെ തുടക്കം. പൂൾ ഡിയിലെ ആദ്യ മത്സരത്തിൽ വെയ്ൽസിനെ 3-1ന് പരാജയപ്പെടുത്തി ഇന്ത്യ പൂൾ ഡിയിൽ ഒന്നാമതെത്തി.. ക്യാപ്റ്റൻ ഹർമൻപ്രീത് ഇരട്ടഗോൾ നേടിയപ്പോൾ സഞ്ജയ് ഒരു ഗോളും കണ്ടെത്തി. അതേസമയം സാം വെൽഷാണ് വെയ്ൽസിന്റെ ആശ്വാസ ഗോൾ നേടിയത്.
കളി തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ സഞ്ജയിലൂടെ ഇന്ത്യ ലീഡെടുത്തിരുന്നു. പിന്നീട് മൂന്ന് മിനിറ്റിനുശേഷം പെനാൽറ്റി കോർണർ ഗോളാക്കി ഹർമൻപ്രീത് ഇന്ത്യയുടെ ലീഡ് രണ്ടിലേക്കുയർത്തി. 43-ാം മിനിറ്റിൽ ക്യാപ്റ്റന്റെ അടുത്ത ഗോളുമെത്തി. അതും പെനാൽറ്റി കോർണറിൽ നിന്നായിരുന്നു. ഇതോടെ ഇന്ത്യ 3-0ത്തിന് മുന്നിലായി. എന്നാൽ 55-ാം മിനിറ്റിൽ വെയ്ൽസിന്റെ മറുപടി ഗോളെത്തി.
തിങ്കളാഴ്ച്ച ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇംഗ്ലണ്ട്, വെയ്ൽസ് എന്നിവരെ കൂടാതെ പാക്കിസ്ഥാൻ എന്നിവരാണ് പൂൾ ഡിയിൽ ഇന്ത്യക്കൊപ്പമുള്ളത്. അതേസമയം അരനൂറ്റാണ്ടിന് ശേഷം കിരീടം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. തുടരെ രണ്ട് ഒളിമ്പിക്‌സുകളിൽ മെഡൽ നേടിയതിന്റെ ആത്മവിശ്വാസവും കൂടെയുണ്ട്. ഏഷ്യാ കപ്പിലും ഇന്ത്യ വിജയ കിരീടം ചൂടിയിരുന്നു.
ലോകകപ്പിൽ ഒരു തവണയാണ് ഇന്ത്യ ചാംമ്പ്യന്മാരായത്. 1975-ൽ ക്വലാലംപുരിൽ പാക്കിസ്ഥാനെ ഫൈനലിൽ തോൽപ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം. 1971-ൽ വെങ്കലവും 1973-ൽ വെള്ളിയും നേടിയിരുന്നു. എന്നാൽ 2023 ഭുവനേശ്വറിൽ നടന്ന ലോകകപ്പിൽ ഇന്ത്യ ഒമ്പതാം സ്ഥാനത്തായിരുന്നു.




