ബെംഗളൂരു: ബെംഗളൂരുവിൽ ഭാര്യയെ കൊല്ലപ്പെട്ട നിലയിലും ഭർത്താവിനെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി. ബുധനാഴ്ച രാത്രി ദമ്പതികൾ തമ്മിലുണ്ടായ തർക്കം പിന്നീട് കൊലപാതകത്തിലേക്കു നീങ്ങിയതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഇരുവരും മണിക്കൂറുകൾക്കുള്ളിൽ മരിച്ചതായാണ് റിപ്പോർട്ട്.
സിവിൽ എൻജിനീയറായ സുമന്ത് ജെയിനും സോഫ്റ്റ്‌വെയർ എൻജിനീയറായ ഭാര്യ പത്മാവതിയുമാണ് മരിച്ചത്. രാത്രി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും പിന്നീട് ഇത് രൂക്ഷമാകുകയും ചെയ്തെന്നാണ് വിവരം. തർക്കത്തിനിടെ കലി കയറിയ സുമന്ത് ഭാര്യയുടെ മുഖത്ത് അടിച്ചതായും തുടർന്ന് തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചതായും പോലീസ് സംശയിക്കുന്നു. പിന്നീട് പത്മാവതിയെ ഉണർത്താൻ ശ്രമിച്ചപ്പോഴാണ് ശ്വാസമില്ലെന്ന് മനസിലാക്കിയത്. ഇതോടെ പരിഭ്രാന്തനായ സുമന്ത് അമ്മയെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അറിയിച്ചതായും പിന്നീട് സന്ദേശം അയച്ചതായും റിപ്പോർട്ടുണ്ട്.
സന്ദേശം കണ്ടതോടെ അമ്മ ഉടൻ വീട്ടുടമയെ വിളിച്ച് വിവരം അറിയിച്ചു. തുടർന്ന് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് ഹാളിലെ സീലിങ് ഫാനിൽ സുമന്തിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിൽ പത്മാവതിയെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് രാജഗോപാൽ നഗർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുവരുടെയും മരണവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, പത്മാവതിയുടെ മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവങ്ങളുടെ കൃത്യമായ ക്രമവും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റ് ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ലഭിച്ച ശേഷമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. ദമ്പതികൾ തമ്മിലുള്ള തർക്കം എങ്ങനെ ദുരന്തത്തിൽ കലാശിച്ചുവെന്നും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിക്കുന്നുണ്ട്.




