ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സൗദി അറേബ്യയിൽ നിന്ന് തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം ആവശ്യപ്പെട്ടത് ആക്രമണത്തിന് പിന്നിൽ ആരാണെന്നും കുറ്റവാളികൾ ആരാണെന്നും കണ്ടെത്താനാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഓപ്പറേഷൻ സിന്ദൂരിലേക്ക് നയിച്ച നിർണായക തീരുമാനങ്ങളെക്കുറിച്ച് ഡിസ്‌കവറി ഡോക്യുമെന്ററി പരമ്പരയായ ‘Declassified: Operation Sindoor’-ന് നൽകിയ അഭിമുഖത്തിലാണ് ഡോവൽ വെളിപ്പെടുത്തൽ നടത്തിയത്.
ഏപ്രിൽ 22ന് പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടന്നതിന് പിന്നാലെ സൗദി അറേബ്യൻ സന്ദർശനം വെട്ടിച്ചുരുക്കിയാണ് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങിയത്. ഇന്ത്യയിലെത്തിയ ഉടൻ വിമാനത്താവളത്തിൽ പ്രധാനമന്ത്രിയുമായി യോഗം ചേർന്നതായി ഡോവൽ പറഞ്ഞു. ആക്രമണത്തിന്റെ വസ്തുതകൾ ആദ്യം പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. തുടർന്ന് ആക്രമണത്തിന് ഉത്തരവാദികൾ ആരാണെന്നും ആക്രമണം നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങൾ എന്താണെന്നും അദ്ദേഹം അന്വേഷിച്ചു.
‘ആരാണ് ഇത് ചെയ്തത്? ആരാണ് ഇതിന് ഉത്തരവാദികൾ? കുറ്റവാളികൾ ആരാണെന്ന് നമുക്ക് കൃത്യമായി അറിയണം. അത് എന്നെ ഉടനെ അറിയിക്കണം’- എന്നായിരുന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.- ഡോവൽ വെളിപ്പെടുത്തി.
ഇന്ത്യയുടെ അടുത്ത നടപടികൾ തീരുമാനിക്കുന്നതിന് മുമ്പ് ആക്രമണത്തിന് പിന്നിലെ ഉത്തരവാദിത്തം കൃത്യമായി കണ്ടെത്തണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിലപാടെന്ന് ഡോവൽ വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ രാജ്യത്താകെ ശക്തമായ പ്രതിഷേധവും രോഷവും ഉയർന്നിരുന്നു. ഇന്ത്യയുടെ നിയന്ത്രിത സമീപനവും ഭീകരാക്രമണങ്ങൾക്കെതിരെ പുലർത്തിയിരുന്ന സഹിഷ്ണുതയും ദൗർബല്യമായി കാണരുതെന്ന ശക്തമായ സന്ദേശം നൽകുകയെന്നതും തുടർന്നുള്ള പ്രതികരണത്തിന്റെ ഭാഗമായിരുന്നു.
പഹൽഗാം ആക്രമണവുമായി ബന്ധമുള്ള ഭീകര അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള ഭീകര ക്യാമ്പുകൾക്കെതിരെ സൈനിക നടപടി നടത്താനാണ് ഇന്ത്യ തീരുമാനിച്ചതെന്ന് ഡോവൽ പറഞ്ഞു. ഭീകരവാദത്തിന് പിന്തുണ നൽകുകയോ, ഭീകരസംഘടനകൾക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്നത് ഇന്ത്യ അംഗീകരിക്കില്ലെന്ന സന്ദേശം പാക്കിസ്ഥാനിലെ സൈനിക നേതൃത്വത്തിന് നൽകുക എന്നതും ലക്ഷ്യമായിരുന്നു.
മേയ് 7ന് പുലർച്ചെയാണ് ഇന്ത്യൻ സായുധസേന ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും നിരവധി ഭീകര അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ കൃത്യമായ ആക്രമണങ്ങൾ ഇന്ത്യ നടത്തി. തുടർന്ന് പാക്കിസ്ഥാനും ഇന്ത്യക്കെതിരെ ആക്രമണങ്ങൾ നടത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായി. ഇന്ത്യയും തുടർപ്രതികരണങ്ങൾ നടത്തി. ഏകദേശം 88 മണിക്കൂർ നീണ്ടുനിന്ന സംഘർഷത്തിന് പിന്നാലെ മേയ് 10 വൈകുന്നേരം ഇരുരാജ്യങ്ങളും ധാരണയിലെത്തി.
ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് നിശ്ചിത പരിധിയില്ലെന്ന നിലപാടും ഡോവൽ വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ ഏതറ്റം വരെയും പോകാൻ ഇന്ത്യ തയ്യാറാണെന്ന സന്ദേശമാണ് അദ്ദേഹം നൽകിയത്. മേയിൽ നടന്ന ആക്രമണങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല ഓപ്പറേഷൻ സിന്ദൂർ എന്നും ഭീകരവാദത്തിനെതിരായ തുടർച്ചയായ പോരാട്ടത്തിന്റെ ഭാഗമായാണ് ഇതിനെ കാണേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഓപ്പറേഷൻ സിന്ദൂർ ‘ജീവനോടെയുണ്ട്’ എന്ന പ്രധാനമന്ത്രി മോദിയുടെ പരാമർശവും ഭീകരവാദ ഭീഷണി പൂർണമായി ഇല്ലാതാകുന്നതുവരെ പോരാട്ടം തുടരുമെന്ന നിലപാടാണ് വ്യക്തമാക്കുന്നതെന്ന് ഡോവൽ പറഞ്ഞു. അതേസമയം ഓപ്പറേഷൻ സിന്ദൂരിന് ശേഷം ഡോവൽ നൽകുന്ന ആദ്യ അഭിമുഖമാണിത്. ഇന്ത്യയുടെ സൈനിക, ദേശീയ സുരക്ഷാ നേതൃത്വത്തിലെ പ്രമുഖർ ഓപ്പറേഷനുമായി ബന്ധപ്പെട്ട തീരുമാനങ്ങളും സംഭവവികാസങ്ങളും വിശദീകരിക്കുന്ന രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയാണ് ‘Declassified: Operation Sindoor’. ഡിസ്‌കവറിയിലും discovery+ സ്ട്രീമിങ് പ്ലാറ്റ്‌ഫോമിലും ഓഗസ്റ്റ് 15ന് രാത്രി 9 മണിക്കാണ് ഡോക്യുമെന്ററി പ്രീമിയർ ചെയ്യുന്നത്. പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിച്ച നടപടികളെയും തുടർന്ന് പാക്കിസ്ഥാനുമായുണ്ടായ സൈനിക സംഘർഷത്തെയും കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരുടെ കൂടുതൽ വിശദീകരണങ്ങളും ഡോക്യുമെന്ററിയിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്.





