ന്യൂഡൽഹി: ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് മുന്നോടിയായി സ്റ്റേഡിയത്തിലെ കുരങ്ങുകളുടെയും പ്രാവുകളുടെയും ശല്യം ഒഴിവാക്കാൻ വ്യത്യസ്ത നടപടികളുമായി സംഘാടകർ. കുരങ്ങുകളെ തുരത്താൻ വിദഗ്ധരെ നിയമിക്കാനാണ് ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ തീരുമാനം.
അസോസിയേഷന്റെ ഈ തീരുമാനത്തിന് പിന്തുണയുമായി ഇന്ത്യയുടെ മുൻ ലോക ചാമ്പ്യനും ഒളിമ്പിക് മെഡൽ ജേതാവുമായ പി.വി സിന്ധു രംഗത്തെത്തി. ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയം പരിസരത്തെ കുരങ്ങുകളെ തുരത്താൻ വിദഗ്ധരെ നിയമിക്കാനുള്ള ഈ നീക്കം സോഷ്യൽ മീഡിയയിൽ പരിഹാസത്തിന് ഇടയാക്കിയെങ്കിലും, ടൂർണമെന്റ് തടസമില്ലാതെ നടത്താനുള്ള സംഘാടകരുടെ ശ്രമത്തെ സിന്ധു പ്രശംസിച്ചു. ഓഗസ്റ്റ് 17 മുതൽ 23 വരെയാണ് ടൂർണമെന്റ്. 17 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യ ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്.
‘ഈ പരിഹാരമാർഗത്തെ നിങ്ങൾക്ക് പരിഹസിക്കാം, പക്ഷേ ഇതിന് പിന്നിലെ കഠിനാധ്വാനത്തെ കാണാതിരിക്കരുത്. ലോകത്തെ സ്വാഗതം ചെയ്യാൻ ഇന്ത്യ തയ്യാറാണെന്ന് ഉറപ്പാക്കാൻ നിരവധി പേർ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. നമ്മുടെ പരിഹാരങ്ങൾ ഒരുപക്ഷേ ഇന്ത്യയ്ക്ക് മാത്രം അവകാശപ്പെട്ട സവിശേഷമായ ഒന്നായിരിക്കാം, പക്ഷേ, നമ്മുടെ ആതിഥ്യമര്യാദയും ഊഷ്മളതയും അങ്ങനെയുള്ളതാണ്,’ എന്ന് സിന്ധു തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. ബാഡ്മിന്റൺ ലോകത്തെ ഡൽഹിയിലേക്ക് സ്വാഗതം ചെയ്യാൻ താൻ കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 17 മുതൽ 23 വരെയാണ് ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ലോക ചാമ്പ്യൻഷിപ്പ് നടക്കുന്നത്. 17 വർഷത്തിന് ശേഷമാണ് ഇന്ത്യ വീണ്ടും ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്.
ജനുവരിയിൽ നടന്ന ഇന്ത്യ ഓപ്പണിനിടെ കുരങ്ങുകൾ പരിശീലന സ്ഥലങ്ങളിൽ കയറിയതും പ്രാവുകൾ കോർട്ടിലെത്തി മത്സരം തടസ്സപ്പെടുത്തിയതുമാണ് പുതിയ മുൻകരുതലുകൾക്ക് കാരണം. ലംഗൂർ കുരങ്ങുകളുടെ ശബ്ദം അനുകരിക്കുന്ന മൂന്ന് വിദഗ്ധരെയാണ് കുരങ്ങുകളെ തുരത്താൻ നിയോഗിച്ചിരിക്കുന്നത്.
പ്രാവുകളെയും മറ്റ് പക്ഷികളെയും അകറ്റാൻ പ്രത്യേക ജെല്ലും വേട്ടപ്പക്ഷികളുടെ ശബ്ദം അനുകരിക്കുന്ന പോർട്ടബിൾ ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. തെരുവുനായ്ക്കളുടെ ശല്യം ഒഴിവാക്കാൻ ഡൽഹി മുൻസിപ്പൽ കോർപ്പറേഷനുമായും അധികൃതർ സഹകരിക്കുന്നുണ്ട്.
സ്റ്റേഡിയത്തിൽ ഓട്ടോമാറ്റിക് വാതിലുകൾ, ഡബിൾ ഡോർ സംവിധാനം, പുതിയ സീറ്റുകൾ എന്നിവ ഉൾപ്പെടെ നിരവധി നവീകരണ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. മേൽക്കൂരയിലെ ചോർച്ചയും കേടായ ജോയിന്റുകളും പരിഹരിച്ചു. ലൈറ്റിങ്, കാറ്റിന്റെ വേഗത നിയന്ത്രിക്കൽ തുടങ്ങിയ സംവിധാനങ്ങളിലും അന്താരാഷ്ട്ര ബാഡ്മിന്റൺ ഫെഡറേഷൻ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.




