മുംബൈ: മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിൽ പ്രായപൂർത്തിയാകാത്തവരെയും യുവാക്കളെയും ലൈംഗികമായി പീഡിപ്പിക്കുകയും ഈ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ 22 കാരൻ പിടിയിൽ. റൈസിങ്പുര സ്വദേശിയായ ചേതൻ പ്രകാശ് കോലി എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി 2022 മുതൽ പ്രായപൂർത്തിയാകാത്തവരെ പണം നൽകി പ്രലോഭിപ്പിച്ച് കുറ്റകൃത്യങ്ങൾക്ക് ഇരയാക്കി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇയാൾ ഇരകളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബ്ലാക്ക്‌മെയിൽ ചെയ്തത്. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് അറുനൂറോളം ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഫൊറൻസിക് സംഘം ഇയാളുടെ മൊബൈൽ ഫോൺ വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
കണ്ടെടുത്ത ദൃശ്യങ്ങളിൽ നിന്ന് ഇരകളെ തിരിച്ചറിഞ്ഞ് വരികയാണെന്നും അവരുടെ മൊഴികൾ രേഖപ്പെടുത്താൻ നടപടികൾ ആരംഭിച്ചതായും ജില്ലാ പോലീസ് സൂപ്രണ്ട് അശ്വിനി സനാപ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.






