റിയാദ്: പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ പുതിയ ശക്തിസമവാക്യത്തിന് വഴിയൊരുക്കി സൗദി അറേബ്യയും തുർക്കിയും പാകിസ്താനും. പരസ്പര സുരക്ഷയും പ്രതിരോധ സഹകരണവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്ന് രാജ്യങ്ങളും ‘മക്ക സംയുക്ത പ്രതിരോധ കരാറിൽ’ ഒപ്പുവെച്ചു.
മക്കയിലെ അൽ സഫ കൊട്ടാരത്തിലെ റോയൽ ദിവാനിൽ നടന്ന പ്രത്യേക ഉച്ചകോടിയിലാണ് കരാർ ഒപ്പുവെച്ചത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ് എന്നിവർ കരാറിൽ ഒപ്പുവച്ചു.
മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരെ സായുധ ആക്രമണമുണ്ടായാൽ അത് മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും. അത്തരമൊരു സാഹചര്യത്തിൽ സംയുക്തമായി പ്രതിരോധം നടത്താനും കരാറിൽ ധാരണയായി. സൈനിക, പ്രതിരോധ മേഖലകളിലെ സഹകരണം കൂടുതൽ വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ചരിത്രപരമായ സൗഹൃദം, ഇസ്‌ലാമിക സാഹോദര്യം, പൊതുവായ തന്ത്രപ്രധാന താൽപര്യങ്ങൾ എന്നിവ മുൻനിർത്തിയാണ് പ്രതിരോധ കരാറിന് രൂപം നൽകിയത്. മേഖലയിലും ആഗോളതലത്തിലും സമാധാനവും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും സുരക്ഷിതമായ ഭാവി ഉറപ്പാക്കുന്നതിനും കരാർ സഹായിക്കുമെന്ന് ഉച്ചകോടിക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പാകിസ്താൻ പ്രധാനമന്ത്രിയും തുർക്കി പ്രസിഡന്റും സൗദിയിലെത്തിയത്. വ്യാഴാഴ്ച ജിദ്ദയിലെത്തിയ പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ് ഉംറ നിർവഹിച്ചു. വെള്ളിയാഴ്ച രാവിലെയാണ് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ജിദ്ദയിലെത്തിയത്.
തുടർന്ന് മക്കയിലെ അൽ സഫ കൊട്ടാരത്തിലെ റോയൽ ദിവാനിൽ സൗദി കിരീടാവകാശി ഇരുനേതാക്കളെയും സ്വീകരിച്ചു. തുടർന്ന് നടന്ന ഉച്ചകോടിയിൽ മൂന്ന് രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും നേതാക്കൾ വിശദമായി ചർച്ച ചെയ്തു.
പ്രതിരോധ മേഖലയിലെ സഹകരണത്തിനൊപ്പം സാമ്പത്തികവും രാഷ്ട്രീയവുമായ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും ഉച്ചകോടിയിൽ വിലയിരുത്തി. പശ്ചിമേഷ്യയിലെ മാറുന്ന രാഷ്ട്രീയ സാഹചര്യത്തിൽ മൂന്ന് രാജ്യങ്ങളുടെയും പുതിയ നീക്കം നിർണായകമാകുമെന്നാണ് വിലയിരുത്തൽ.





