ന്യൂഡൽഹി: അമിത വേഗത്തിലെത്തിയ ആഡംബര കാറിടിച്ചുണ്ടായ അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. വടക്കൻ ഡൽഹിയിലെ നരേലയിലാണ് സംഭവം. ഹരിയാണയിലെ സബ് ഇൻസ്പെക്ടറുടെ മകൻ ശുഭം ആണ് കാർ ഓടിച്ചിരുന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു മാമൂർപുർ സ്വദേശി ഊർമ്മിള (70).
ഈ സമയത്ത് ശുഭം ഓടിച്ചിരുന്ന മെഴ്സിഡസ് കാർ അതിവേഗത്തിലെത്തി എതിർദിശയിൽകൂടി വന്ന വാഗൺആർ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഗൺആർ കാർ ചരക്കു വാഹനത്തിലേക്ക് ഇടിച്ചു കയറി. ഈ സമയം സമീപത്തുകൂടി നടന്നുപോകുകയായിരുന്ന ഊർമ്മിള, രണ്ടു വാഹനങ്ങളുടേയും ഇടയിൽ പെടുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഇവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വാഗൺആർ ഡ്രൈവർക്ക് സാരമായ പരിക്കേറ്റു. അപകടസമയത്ത് കാറോടിച്ചിരുന്ന ശുഭം മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ ആരോപിക്കുന്നു.
മെഴ്സിഡസ് കാറിനുള്ളിൽനിന്ന് ബിയർ കുപ്പികൾ കണ്ടെടുത്തതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിന് തൊട്ടുപിന്നാലെ കാറിലിരിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. സുഹൃത്തിന്റെ കൈയിൽനിന്ന് ഒരു ദിവസത്തേക്ക് വാങ്ങിയാണ് ശുഭം കാർ ഓടിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും മദ്യപിച്ചിരുന്നോ ഇല്ലയോ എന്ന വിവരം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ എന്നും ഡൽഹി പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






