ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് തമിഴ്നാട് സർക്കാർ. ഇന്ന് അവതരിപ്പിച്ച വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം. നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ വിധികൾ, നീതിന്യായ നിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം.
തമിഴ്നാടിന്റെ ജലാവകാശങ്ങൾ സംരക്ഷിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ അവകാശങ്ങളെ ബാധിച്ചേക്കാവുന്ന മേഘദാതു പദ്ധതി പോലുള്ള പദ്ധതികളെ എതിർക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്. അന്തർസംസ്ഥാന നദീജല പങ്കുവെക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തമിഴ്നാടിന്റെ താൽപര്യങ്ങൾ പൂർണമായും സംരക്ഷിക്കുമെന്നും സർക്കാർ അറിയിച്ചു.
ദീർഘകാല ജലസുരക്ഷ ശക്തിപ്പെടുത്തുന്നതിനും കർഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി വിവിധ പദ്ധതികൾ നടപ്പാക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തൽ, ആനമലയാർ, നല്ലൂർ അണക്കെട്ട് പദ്ധതികളുടെ നടപ്പാക്കൽ, ഗോദാവരി-കാവേരി നദീബന്ധന പദ്ധതി വേഗത്തിൽ പൂർത്തിയാക്കൽ എന്നിവയ്ക്കായി സർക്കാർ പരിശ്രമിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കി.

















































