ജാതിക്കയും സിമന്റ് ചട്ടിയും മോഷ്ടിക്കുന്നതിനിടെ അബദ്ധത്തിൽ എടുത്ത സ്കൂട്ടറിന്റെ താക്കോൽ രണ്ട് ദിവസത്തിന് ശേഷം തിരികെ എത്തിച്ച് കള്ളൻ. കോളാപ്പറമ്പിൽ ജോയിയുടെ വീട്ടിലാണ് സംഭവം. ജൂലൈ 29-ന് രാത്രിയാണ് ജോയിയുടെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന രണ്ട് കിലോയോളം ജാതിക്കയും അത് വെച്ചിരുന്ന സിമന്റ് ചട്ടിയും മോഷണം പോയത്.
സിമന്റ് ചട്ടിക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടറിന്റെ താക്കോലും ഇതോടൊപ്പം കാണാതായതോടെ വീട്ടുകാർ വലിയ വലച്ചിലിലായി. സ്കൂട്ടർ ഉപയോഗിക്കാൻ കഴിയാതെ വീട്ടുകാർ വിഷമിക്കുന്നതിനിടെയാണ് കള്ളന്റെ വക അപ്രതീക്ഷിത തിരിച്ചുകൊടുക്കൽ ഉണ്ടാകുന്നത്.
ജൂലൈ 31-ന് രാവിലെ വീടിന്റെ മുറ്റത്ത് കിടന്ന പ്ലാസ്റ്റിക് വള്ളി എടുത്തുമാറ്റാൻ ശ്രമിച്ചപ്പോഴാണ് വീട്ടുകാർ ആ കാഴ്ച കണ്ടത്. വള്ളിയുടെ അറ്റത്ത് മോഷ്ടിക്കപ്പെട്ട സ്കൂട്ടറിന്റെ താക്കോൽ ഭദ്രമായി കെട്ടിയിട്ടിരിക്കുകയായിരുന്നു.


















































