ശ്രീകണ്ഠാപുരം: 23 വർഷത്തെ കാത്തിരിപ്പിനൊടുവിലും മുത്തങ്ങയിൽ കൊല്ലപ്പെട്ട പോലീസുകാരൻ കെ.വി. വിനോദിന്റെ മരണത്തിൽ കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് സഹോദരൻ കെ.വി. ബാബു. കേസിലെ വിധി നിരാശപ്പെടുത്തിയെന്നും ബാബു പ്രതികരിച്ചു.
വിധി കേൾക്കാൻ കാത്തുനിൽക്കാതെ പിതാവ് നേരത്തെ മരിച്ചത് നന്നായെന്ന് ഇപ്പോൾ തോന്നുന്നുവെന്നും ബാബു പറഞ്ഞു. കേസിന്റെ വിധി എന്താകുമെന്ന് മരണംവരെ പിതാവ് ചോദിച്ചുകൊണ്ടിരുന്നു. വിധി വന്നത് കാണാൻ അദ്ദേഹം ഇല്ലാത്തത് ഒരു തരത്തിൽ നന്നായെന്നും ബാബു പറഞ്ഞു.
മകനെ കുരുതി കൊടുത്തുവെന്ന തോന്നലായിരുന്നു മാതാപിതാക്കൾക്കുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 23 വർഷമായി വൃദ്ധയായ മാതാവ് വിധി കാത്തിരിക്കുകയാണ്. ഇപ്പോൾ അവരോട് എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്നും ബാബു വ്യക്തമാക്കി.
വിനോദ് സർവീസിലിരിക്കെ മരിച്ചതിനെ തുടർന്ന് കുടുംബത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾക്കായി ഏറെ ബുദ്ധിമുട്ടേണ്ടിവന്നതായും ബാബു പറഞ്ഞു. കുടുംബ പെൻഷൻ ലഭിക്കാൻ ഏറെക്കാലം പിന്നാലെ നടക്കേണ്ടിവന്നു. ആശ്രിത നിയമനം ലഭിച്ചില്ല. താനും സഹോദരിയും സർക്കാർ ജീവനക്കാരായതിനാൽ നിലവിലെ വ്യവസ്ഥ പ്രകാരം ആശ്രിത നിയമനം നൽകാനാകില്ലെന്നായിരുന്നു അധികൃതരുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ തനിക്ക് ലഭിച്ച ജോലി സഹോദരന്റെ മരണത്തെ തുടർന്നുള്ള ആശ്രിത നിയമനത്തിലൂടെയല്ലെന്നും പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടാണ് ജോലി ലഭിച്ചതെന്നും ബാബു വ്യക്തമാക്കി. പലരും കരുതുന്നത് വിനോദിന്റെ ജോലി തനിക്ക് ലഭിച്ചെന്നാണ്. അത് വസ്തുതയല്ലെന്നും അദ്ദേഹം പറഞ്ഞു.
കേസിന്റെ നടത്തിപ്പിൽ കുടുംബത്തിന് പൂർണ സംതൃപ്തിയുണ്ടായിരുന്നില്ലെന്നും ബാബു ആരോപിച്ചു. സംഭവദിവസം യഥാർഥത്തിൽ എന്താണ് നടന്നതെന്ന് പോലും കുടുംബത്തിന് വ്യക്തമായി അറിയില്ലായിരുന്നു. വിനോദിനൊപ്പം ഉണ്ടായിരുന്ന സഹപ്രവർത്തകനിൽനിന്ന് ലഭിച്ച വിവരങ്ങൾ മാത്രമാണ് തനിക്ക് അറിയാമായിരുന്നതെന്നും അന്വേഷണത്തിന്റെ തുടർനടപടികളെക്കുറിച്ച് വ്യക്തമായ ധാരണയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നീതിക്കായുള്ള പോരാട്ടം തുടരുമെന്നും ആവശ്യമായാൽ വ്യക്തിപരമായും നിയമപോരാട്ടം നടത്തുമെന്നും ബാബു വ്യക്തമാക്കി. ഇരയാക്കപ്പെട്ടത് കുടുംബാംഗങ്ങളാണ്. അവർക്ക് നീതി ലഭിക്കണം. നിലവിലെ വിധി നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
വിധി കേരള പൊലീസിനും കേരള സമൂഹത്തിനും സമർപ്പിക്കുന്നുവെന്നും ബാബു കൂട്ടിച്ചേർത്തു.
മദ്യപിക്കുന്നതിനിടെ വാക്കേറ്റം, യുവാവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു, രണ്ട് പേര്‍ പിടിയില്‍

















































