തൃശൂർ: കുടുംബത്തിന് നേരിടേണ്ടിവന്ന ദുരിതങ്ങൾക്ക് കാരണം അമ്മ മന്ത്രവാദം നടത്തിയതാണെന്ന് ആരോപിച്ച് 71-കാരിയെ ക്രൂരമായി ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. ഏങ്ങണ്ടിയൂർ ചേറ്റുവ സ്വദേശി മനോജ് (46) ആണ് അറസ്റ്റിലായത്. അമ്മ തുളസി (71)യാണ് ആക്രമണത്തിനിരയായത്.
കഴിഞ്ഞ ജൂലൈ 6-ന് രാത്രി 10 മണിയോടെയാണ് സംഭവം. ചേറ്റുവയിലെ തറവാട് വീട്ടിൽ കസേരയിൽ ഇരിക്കുകയായിരുന്ന തുളസിയെ മനോജ് ബലംപ്രയോഗിച്ച് താഴെയിട്ട ശേഷം കൈകൊണ്ടും കാലുകൊണ്ടും മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആക്രമണത്തിനിടെ തുളസിയുടെ ഇടത് കൈ പിടിച്ച് തിരിച്ച് ഒടിക്കുകയും തുടർന്ന് അരയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ വധശ്രമക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.
മനോജിനെതിരെ മുമ്പും ഗുരുതരമായ ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. 2025-ൽ വീട്ടിൽവെച്ച് ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലും 2024-ൽ വാർഡ് മെമ്പറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്.
വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ എസ്.ഐ. ലാൽസൻ, എ.എസ്.ഐ. കാജാ ഹുസൈൻ, ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫീസർ മഹേഷ്, സിവിൽ പൊലീസ് ഓഫീസർ റിഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


















































