കൊച്ചി: സി.എം.ആർ.എൽ.–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണാ വിജയന്റെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വേഗത്തിലാക്കി. ഇതിനായുള്ള നടപടിക്രമങ്ങൾ കൊച്ചി ഇ.ഡി. ഓഫീസിൽ അവസാനഘട്ടത്തിലാണെന്നാണ് വിവരം. കേസിൽ ഉൾപ്പെട്ട സി.എം.ആർ.എൽ. കമ്പനിയുടെ ചില സ്വത്തുക്കളും കണ്ടുകെട്ടാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന.
ഈ മാസാദ്യം ഇ.ഡി. ഉദ്യോഗസ്ഥർ കണ്ണൂരിലെ പിണറായി, പാതിരിയാട് വില്ലേജുകളിൽ പരിശോധന നടത്തിയിരുന്നു. പിണറായി–പാറപ്രം റോഡിൽ വീണാ വിജയന്റെ പേരിലുള്ളതായി കരുതുന്ന 80 സെന്റ് സ്ഥലവും, പാതിരിയാട് വില്ലേജിൽ പിണറായി വിജയന്റെ വീടിനോട് ചേർന്നുള്ള സ്ഥലവും ഉദ്യോഗസ്ഥർ പരിശോധിച്ചു. നേരത്തെ വീണാ വിജയന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന ഏകദേശം ഒന്നര ലക്ഷം രൂപയും ഇ.ഡി. മരവിപ്പിച്ചിരുന്നു.
2019-ൽ സി.എം.ആർ.എൽ. കമ്പനിയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ഏകദേശം 130 കോടി രൂപയുടെ വ്യാജ ചെലവുകൾ കണ്ടെത്തിയിരുന്നു. ഇതിൽ എക്സാലോജിക് കമ്പനിക്ക് ഐ.ടി. കൺസൾട്ടൻസി സേവനങ്ങളുടെ പേരിൽ നൽകിയതായി പറയുന്ന 2.78 കോടി രൂപയും ഉൾപ്പെട്ടിരുന്നു.
കേസിൽ അന്വേഷണം വേഗത്തിലാക്കാനും തുടർ നിയമനടപടികൾ ശക്തമാക്കാനും ഇ.ഡി. ദക്ഷിണമേഖലാ സ്‌പെഷ്യൽ ഡയറക്ടർ നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഇതോടൊപ്പം കേരളത്തിലെ അവയവക്കച്ചവട കേസിലും കർശന നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചതായാണ് വിവരം.
















































