കൊടുങ്ങല്ലൂർ: ആല വാസുദേവ വിലാസം യുപി സ്കൂളിൽ ഉച്ചഭക്ഷണത്തിനുള്ള അരിയും പലവ്യഞ്ജനങ്ങളും പാത്രങ്ങളുമടക്കം എല്ലാ സാധനങ്ങളുമ മോഷണം പോയി. സ്കൂളിലെ കഞ്ഞിപ്പുരയുടെയും സ്റ്റോർ റൂമിന്റെയും താഴ് തകർത്ത് അകത്തുകയറിയ കള്ളൻ അഞ്ച് ചാക്ക് അരി, പാചകം ചെയ്യാൻ ഉപയോഗിക്കുന്ന വലിയ മൂന്നു വാർപ്പുകൾ, ഉരുളി, 25 ബക്കറ്റുകൾ, മൂന്നു കുക്കറുകൾ, ഒരു മിക്സി, പാത്രങ്ങൾ എന്നിവയാണ് കവർന്നത്. ഒരു ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന സാധനങ്ങളാണ് മോഷണം പോയെന്നാണ് പ്രാഥമിക വിവരം. അതേസമയം മക്കൾ വിശന്നിരിക്കുന്നതു കാണാനാകാതെ അധ്യാപകർ ഉണർന്നു പ്രവർത്തിച്ചു. സ്കൂളിലെത്തിയ വിദ്യാർഥികൾക്ക് തൽക്കാലം ബ്രഡും പഴവും നൽകി. തുടർന്ന് ഉച്ചയ്ക്കു ശേഷം വിദ്യാർഥികളെ വിട്ടയച്ചു.
കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ സ്കൂൾ ജീവനക്കാരൻ സ്കൂൾ തുറന്ന ശേഷം സ്റ്റോർ റൂമിന് അടുത്ത് എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. സ്റ്റോർ റൂമിലും കഞ്ഞിപ്പുരയിലും ആയിരുന്നു സാധനങ്ങൾ സൂക്ഷിച്ചിരുന്നത്. ദേശീയപാത ആറുവരി പാതയോട് ചേർന്നാണ് സ്കൂൾ. സ്കൂളിന്റെ മതിൽ കെട്ടിനു പുറത്ത് അരി നിലത്തു വീണു കിടപ്പുണ്ട്. ഇതുവഴിയാണ് മോഷണ സാധനങ്ങൾ കടത്തിയത്.
സംഭവത്തിനു പിന്നാലെ എസ്എച്ച്ഒ എസ്. രജീഷ്, എസ്ഐ നെസിയ എം. സാഹിബ് എന്നിവരുടെ നേതൃത്വത്തിൽ പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് ബ്ലൂമി സ്കൂളിലെ കഞ്ഞിപ്പുരയുടെയും സ്റ്റോർ റൂമിനും ചുറ്റും ഓടി സ്കൂൾ മതിലിനോട് ചേർന്നു നിന്നു. പിന്നാലെ പ്രദേശത്തെ ബാങ്കിന്റെ സിസിടിവിയിൽ നിന്നു ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. എഇഒ പി.മൊയ്തീൻ കുട്ടി സ്കൂൾ സന്ദർശിച്ചു.

















































