ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി.സുധാകരനെതിരെ വക്കീൽ നോട്ടീസ് അയച്ച് സിപിഎം നേതാവ്. മാധ്യമങ്ങളിലൂടെ തനിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയും ‘പൊളിറ്റിക്കൽ ക്രിമിനൽ’ എന്ന് വിളിച്ച് അപമാനിക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും നഗരസഭയിലെ എൽഡിഎഫ് കക്ഷി നേതാവുമായ വി.ജി വിഷ്ണുവാണ് ജി.സുധാകരനെതിരെ വക്കീൽ നോട്ടീസ് അയച്ചത്. മാധ്യമങ്ങളിലൂടെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾക്ക് 70 ലക്ഷം രൂപ മാനനഷ്ടം നൽകണമെന്നാണ് വക്കീൽ നോട്ടീസിലെ പ്രധാന ആവശ്യം. പരസ്യമായി നടത്തിയ ഈ അധിക്ഷേപ പ്രസ്താവനകൾ പിൻവലിക്കാൻ തയ്യാറാകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രസ്താവന പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ ജി.സുധാകരനെതിരെ തുടർ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വി.ജി വിഷ്ണു അയച്ച വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നു. ആലപ്പുഴയിലെ സിപിഎം നേതാക്കളുമായി സുധാകരൻ തുടരുന്ന വാക്പോരുകളുടെ തുടർച്ചയാണ് ഈ നിയമനടപടി.

















































