കൊച്ചി: വിവാഹത്തിന് ശേഷം സ്ത്രീകൾ തങ്ങളുടെ പണവും സ്വർണാഭരണങ്ങളും ഭർത്താവിനെയോ ഭർതൃവീട്ടുകാരെയോ ഏൽപ്പിക്കുമെന്ന് പൊതുവായി കരുതാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇന്നത്തെ വിദ്യാസമ്പന്നരായ സ്ത്രീകൾക്ക് സ്വന്തം സ്വത്തുക്കൾ സ്വയം കൈകാര്യം ചെയ്യാനുള്ള അറിവും സ്വാതന്ത്ര്യവും ഉണ്ടെന്നും കോടതി വ്യക്തമാക്കി.
വിവാഹത്തിനായി ചെലവഴിക്കുന്ന തുക ഇരു കുടുംബങ്ങളുടെയും പൊതുചെലവായതിനാൽ, വിവാഹമോചന കേസുകളിൽ ആ തുക ഭാര്യയ്ക്കോ ഭർത്താവിനോ തിരികെ നൽകാൻ ഉത്തരവിടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
മൂവാറ്റുപുഴ കുടുംബക്കോടതി വിധിച്ച നഷ്ടപരിഹാര തുക കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ഭർത്താവും കുടുംബാംഗങ്ങളും നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇക്കാര്യങ്ങൾ നിരീക്ഷിച്ചത്.
വിവാഹനിശ്ചയ വേളയിൽ കൈമാറിയ അഞ്ച് ലക്ഷം രൂപയും 80 പവൻ സ്വർണവും വിവാഹച്ചെലവായ 6,89,350 രൂപയും യുവതിക്ക് തിരികെ നൽകണമെന്നായിരുന്നു മൂവാറ്റുപുഴ കുടുംബക്കോടതിയുടെ ഉത്തരവ്.
വിവാഹനിശ്ചയ ദിവസം അഞ്ച് ലക്ഷം രൂപ കൈമാറിയതിന് വ്യക്തമായ തെളിവുള്ളതിനാൽ ആ തുക തിരികെ നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, വിവാഹസമയത്ത് യുവതിക്ക് 80 പവൻ സ്വർണം ഉണ്ടായിരുന്നതായി എസ്.എൻ.ഡി.പി. യോഗത്തിന്റെ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതിന്റെ അടിസ്ഥാനത്തിലാണ് കുടുംബക്കോടതിയുടെ ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിശദമായ നിരീക്ഷണങ്ങൾ നടത്തിയത്.


















































