കൊച്ചി: സോളർ തട്ടിപ്പ് കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് മൂന്നാം പ്രതിയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പഴ്സനൽ അസിസ്റ്റന്റുമായിരുന്ന ടെന്നി ജോപ്പനെ ഒഴിവാക്കാൻ അനുമതി നൽകി ഹൈക്കോടതി. കൂടാതെ പത്തനംതിട്ട കോന്നി പോലീസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ കുറ്റപത്രം നൽകിയ കേസിൽനിന്ന് ജോപ്പനെ ഒഴിവാക്കാനും കോടതി അനുമതി നൽകി.
ഈ കേസിലെ പരാതിക്കാരനായ മല്ലേലിൽ ശ്രീധരൻ നായർ, ഇരുപക്ഷവും കോടതിക്ക് പുറത്തുവച്ച് വിഷയം ഒത്തുതീർപ്പാക്കിയതായും കേസുമായി മുന്നോട്ട് പോകാൻ തനിക്ക് താൽപര്യമില്ലെന്നും കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഉത്തരവെത്തിയത്. അതേസമയം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ക്രൂശിക്കാൻ തന്നെ കരുവാക്കുകയായിരുന്നുവെന്ന് ജോപ്പൻ കോടതി വിധിയോട് പ്രതികരിച്ചു.
ഉമ്മൻ ചാണ്ടി എന്ന വ്യക്തിയെ ക്രൂശിക്കാൻ വേണ്ടി എന്നെ കരുവാക്കി, എന്നെ ക്രൂശിച്ചവർക്കും എന്നെ ഉപദ്രവിച്ചവർക്കും, എതിർത്തവർക്കും ഞാൻ നന്ദി പറയുന്നു. എനിക്ക് സന്തോഷം ഇപ്പോഴുമായിട്ടില്ല, പക്ഷെ ഒരു വിടുതൽ ഉണ്ടായി. എന്നോട് ചോദ്യം ചെയ്യാൻ ചെല്ലാൻ പറഞ്ഞിട്ടാണ് ഞാൻ അങ്ങോട്ടു പോയത്. ചെന്നപാട് മുൻ ഡിജിപി ഹേമചന്ദ്രൻ എന്റെ ചെവിക്കല്ല് നോക്കി അടിച്ചു. ആകെ അരമണിക്കൂറെ എന്നെ ചോദ്യം ചെയ്തുള്ളു. തല്ലിയത് എന്തിനാണെന്ന് എനിക്ക് മനസിലായില്ല. ഞാൻ അത് ചോദിക്കുകയും ചെയ്തു. പക്ഷെ അദ്ദേഹം ഒന്നും പറയാതെ ഒരു പോക്കും പോയി. എന്നിട്ട് പത്രക്കാരോട് ജോപ്പനെ അറസ്റ്റ് ചെയ്തുവെന്നും പറഞ്ഞു. ഇതുവരെയുണ്ടായ വേദനയ്ക്ക് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായി. സത്യം ജയിച്ചു. ആരുടേയും പേരുപറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ ശത്രുക്കൾ ഉള്ളിലായിരുന്നു, പുറത്തല്ല. എങ്കിലും ഹേമചന്ദ്രൻ കാണിച്ചത് നെറികെട്ട പണിയാണ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ അടിക്കേണ്ട കാര്യമില്ലല്ലോ?. ഈ സന്തോഷം ഞാൻ ഉമ്മൻചാണ്ടി സാറിന് സമർപ്പിക്കുന്നു- ജോപ്പൻ പറഞ്ഞു
ഏറെ കോളിളക്കം സൃഷ്ടിച്ച സോളാർ കേസിൽ സോളർ ബിസിനസ് പങ്കാളിത്തവും ഏജൻസിയും വാഗ്ദാനം ചെയ്ത് സരിത എസ്.നായരും കൂട്ടരും ചേർന്ന് തന്നിൽനിന്ന് 50 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു എന്നായിരുന്നു പത്തനംതിട്ട കോന്നി മല്ലേലിൽ ശ്രീധരൻ നായർ നൽകിയ പരാതിയിൽ പറന്നത്. സരിത എസ്. നായർക്ക് പണം നൽകാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ വച്ച് ടെന്നി ജോപ്പൻ സമ്മർദം ചെലുത്തി എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ ജോപ്പനെ കേസിൽ മൂന്നാം പ്രതിയാക്കിയത്. ആ കേസിൽ സരിത എസ്.നായർ ഒന്നാം പ്രതിയും കൂട്ടാളിയായിരുന്ന ബിജു രാധാകൃഷ്ണൻ രണ്ടാം പ്രതിയുമായിരുന്നു.
അതേസമയം അറസ്റ്റിലായ ജോപ്പൻ 65 ദിവസം ജയിലിൽ കഴിഞ്ഞിരുന്നു. തുടർന്ന് പത്തനംതിട്ട കോന്നി പോലീസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജോപ്പൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സോളർ വിവാദം കത്തിപ്പടർന്ന 2013ൽ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് നടന്ന ഒരേയൊരു പ്രധാന അറസ്റ്റ് ടെന്നി ജോപ്പന്റേതായിരുന്നു.
പാലക്കാട് കിൻഫ്ര പാർക്കിൽ ടീം സോളറിന്റെ നേതൃത്വത്തിൽ മൂന്നു മെഗാവാട്ടിന്റെ സൗരോർജ പ്ലാന്റ് സ്‌ഥാപിക്കാമെന്നു വാഗ്‌ദാനം ചെയ്‌ത് 2012 മേയിൽ ശ്രീധരൻ നായരിൽനിന്നു പണം തട്ടിയതെന്നാണ് കേസ്. ശ്രീധരൻ നായരെ മുഖ്യമന്ത്രിയുടെ ഓഫിസിൽ കൊണ്ടുവന്ന് ജോപ്പനു പരിചയപ്പെടുത്തിയതു കേസിലെ മുഖ്യപ്രതിയാണെന്നും നല്ല പദ്ധതിയാണെന്നും ധൈര്യമായി മുന്നോട്ടു പോകാമെന്നും ശ്രീധരൻ നായരെ ജോപ്പൻ ഉപദേശിച്ചുവെന്നുമായിരുന്നു പോലീസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ ജോപ്പൻ പണം വാങ്ങിയതായി തെളിവു കണ്ടെത്താൻ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടുമില്ല.

















































