ഭുവനേശ്വർ: കുടുംബ വഴക്കിനിടെ ഭാര്യ മൊബൈൽ ഫോൺ കൊണ്ട് തലയ്ക്കടിച്ചതിനെ തുടർന്ന് യുവാവ് മരിച്ചു. ഒഡിഷയിലെ ബോലാങ്കിർ ജില്ലയിലെ ചിന്മിഭാട്ടി പാദ സ്വദേശിയായ സ്വപ്നേശ്വർ മിശ്രയാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച വീട്ടിലുണ്ടായ തർക്കത്തിനിടെയാണ് ഭാര്യ മൊബൈൽ ഫോൺ എടുത്ത് സ്വപ്നേശ്വറിന്റെ തലയ്ക്ക് അടിച്ചതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ യുവാവിനെ ഉടൻ ബോലാങ്കിർ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആരോഗ്യനില തൃപ്തികരമാണെന്ന് വിലയിരുത്തി ആശുപത്രി അധികൃതർ ഇയാളെ ഡിസ്ചാർജ് ചെയ്തു.
എന്നാൽ വീട്ടിലെത്തിയതിന് പിന്നാലെ ആരോഗ്യനില വീണ്ടും വഷളാകുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച സ്വപ്നേശ്വർ മരിച്ചു.
യുവാവിന്റെ പിതാവിന്റെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മകന്റെ മരണത്തിന് ഭാര്യയാണ് ഉത്തരവാദിയെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകാൻ പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. സംഭവം പ്രദേശത്ത് വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
















































