ചെന്നൈ: മതാചാരങ്ങളുടെ പേരിൽ നദികളും ജലാശയങ്ങളും മലിനമാക്കാൻ അനുവദിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം പൊതുജനാരോഗ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വിരുദ്ധമായി ഉപയോഗിക്കാനാവില്ലെന്നും ആത്മീയ നേട്ടത്തിനായി നടത്തുന്ന ആചാരങ്ങൾ പ്രകൃതിക്ക് ദോഷം ചെയ്യാൻ പാടില്ലെന്നും കോടതി നിരീക്ഷിച്ചു.
താമിരഭരണി നദിയിൽ അന്ത്യകർമങ്ങളുടെ ഭാഗമായി വസ്ത്രങ്ങൾ, ചെരിപ്പുകൾ, ഗ്ലാസ് വസ്തുക്കൾ തുടങ്ങിയവ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് മധുര ബെഞ്ചിന്റെ പരാമർശം. ശുചീകരണ തൊഴിലാളികളുടെ കണക്ക് പ്രകാരം പ്രതിദിനം ഏകദേശം ഒരു ടൺ മാലിന്യമാണ് നദിയിൽ നിന്ന് നീക്കം ചെയ്യേണ്ടിവരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് പൊതുജനങ്ങളുടെയും ബന്ധപ്പെട്ടവരുടെയും അഭിപ്രായം കേൾക്കണമെന്ന് ജസ്റ്റിസുമാരായ ജി.ആർ. സ്വാമിനാഥനും ബി. പുഗലേന്തിയും ഉൾപ്പെട്ട പ്രത്യേക ബെഞ്ച് തിരുനെൽവേലി ജില്ലാ കളക്ടറോട് നിർദേശിച്ചു. ഇക്കാര്യം പൊതുജനങ്ങളെ അറിയിച്ച് അഭിപ്രായം തേടാനും കോടതി ആവശ്യപ്പെട്ടു.
അംബാസമുദ്രം താലൂക്കിലെ ഒരു മണ്ഡപത്തിനെതിരായ കുടിയൊഴിപ്പിക്കൽ നടപടികൾ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഇത്തരമൊരു നിർദേശം നൽകിയത്. പാപനാശം മുതൽ താമിരഭരണിയിലെ വിവിധ കുളിക്കടവുകളിൽ ദിവസേന ആയിരക്കണക്കിന് ആളുകൾ അന്ത്യകർമങ്ങൾ നടത്താനെത്തുന്നുണ്ടെന്ന് അപ്പർ താമിരഭരണി സബ് ഡിവിഷനിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കോടതിയെ അറിയിച്ചു.
മരിച്ചവരുടെ വസ്ത്രങ്ങൾ, ടവലുകൾ, ചെരിപ്പുകൾ, മറ്റ് ഉപയോഗ സാധനങ്ങൾ എന്നിവ ആചാരത്തിന്റെ ഭാഗമായി നദിയിൽ ഉപേക്ഷിക്കുന്ന പതിവാണ് നിലനിൽക്കുന്നതെന്നും ആദി അമാവാസി പോലുള്ള ദിവസങ്ങളിൽ ഇത് വലിയ തോതിൽ വർധിക്കാറുണ്ടെന്നും ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ പരിസ്ഥിതി സംരക്ഷണവും മതവിശ്വാസവും തമ്മിൽ സന്തുലിതമായ സമീപനം സ്വീകരിച്ച ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്ന് കോടതി വ്യക്തമാക്കി.
















































