തെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നുവെന്ന് സൂചന നൽകിക്കൊണ്ട് ഹോർമുസ് കടലിടുക്ക് അടുത്ത അറിയിപ്പുണ്ടാകുന്നതുവരെ അടച്ചതായി ഇറാന്റെ റവല്യൂഷണറി ഗാർഡ്സ് ഞായറാഴ്ച പ്രഖ്യാപിച്ചു. അനധികൃത മാർഗത്തിൽ സഞ്ചരിച്ചിരുന്നുവെന്ന് ആരോപിക്കുന്ന ഒരു കപ്പലിന് മുന്നറിയിപ്പ് വെടിവെച്ചതിനെത്തുടർന്നാണ് നടപടി. സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, വെടിവെപ്പിന് ശേഷം കപ്പൽ തടഞ്ഞു നിർത്തുകയും നിയന്ത്രണത്തിലാക്കുകയും ചെയ്തു.
“വിദേശികളുടെ നിയമവിരുദ്ധ ഇടപെടലിലൂടെ സുരക്ഷാ പ്രശ്നങ്ങൾ ഉയർന്ന സാഹചര്യത്തിൽ, ഹോർമുസ് കടലിടുക്ക് അടുത്ത അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടും. അമേരിക്കൻ ഇടപെടൽ അവസാനിക്കുന്നതുവരെ ഒരു കപ്പലിനും കടന്നുപോകാൻ അനുമതി ഉണ്ടാകില്ല,” ഔദ്യോഗിക വാർത്ത ഏജൻസിയായ IRNAയെ ഉദ്ധരിച്ച് ഗാർഡ്സ് വ്യക്തമാക്കി.
ഇതിനിടെ അമേരിക്കയുമായുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുകയാണ്. ഹോർമുസ് അടച്ചതിനുപിന്നാലെ ഇറാനിൽ യുഎസ് ആക്രമണം ശക്തമാക്കി. ഇറാനിൽ യുഎസ് നടത്തുന്ന മൂന്നാം ഘട്ട ആക്രമണമാണിത്. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും തീവ്രമായ ബോംബാക്രമണമാണ് യുഎസ് നടത്തുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇറാനിൽ എവിടെയാണ് ആക്രമണം നടത്തിയത് എന്ന കാര്യം യുഎസ് സൈന്യം വ്യക്തമാക്കിയിട്ടില്ല. ഇറാന്റെ തെക്കൻ തീരത്തെ പ്രധാന നഗരങ്ങളായ അസലുയെ, ഡെയ്ർ, ബുഷെഹർ, ബന്ദർ അബ്ബാസ്, സിറിക് എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ കേട്ടതായി ഇറാൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ റിപ്പോർട്ട് ചെയ്തു.
അനുവാദമില്ലാത്ത വഴിയിൽക്കൂടി ഹോർമുസ് കടക്കാൻ ശ്രമിച്ച കപ്പലിനെ ഐആർജിസി ആക്രമിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഹോർമുസ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിച്ചത്. തിരിച്ചടിച്ചാൽ കടുത്ത ആഘാതമുണ്ടാകുമെന്നും ഇറാൻ യുഎസിന് മുന്നറിയിപ്പ് നൽകി.
മുൻ സുപ്രീം ലീഡർ ആയിരുന്ന അലി ഖമനേയിയെ അമേരിക്ക–ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് പ്രതികാരം നടത്തുമെന്ന് പുതിയ സുപ്രീം ലീഡർ മൊജ്താബ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. അതേ സമയം, തന്റെ ജീവനിലേക്ക് ഏതെങ്കിലും ഭീഷണി ഉയർന്നാൽ ശക്തമായ പ്രതികാരം ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഫെബ്രുവരി അവസാനം ആരംഭിച്ച പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട ഇടക്കാല കരാർ നിലനിൽക്കെ അടുത്തിടെ ഉണ്ടായ വെടിവെപ്പുകൾ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കിയിരിക്കുകയാണ്. ട്രംപ് സമാധാനക്കരാർ അവസാനിച്ചതായി പ്രഖ്യാപിച്ചെങ്കിലും ചർച്ചകൾക്ക് വാതിൽ തുറന്നിട്ടുണ്ടെന്ന് പറഞ്ഞു. അതേസമയം, പ്രശ്നപരിഹാര ശ്രമങ്ങൾ തുടരുന്നതിനിടെ ഖത്തർ പ്രതിനിധി സംഘം ഇറാനിലെത്തിയതായും റിപ്പോർട്ടുകളുണ്ട്.
“പ്രതികാരം നമ്മുടെ ജനതയുടെ ആഗ്രഹമാണ്; അത് നിർബന്ധമായും നടപ്പാക്കപ്പെടും,” പിതാവിന്റെ സംസ്കാരത്തിന് ശേഷം പുറത്തിറക്കിയ ആദ്യ സന്ദേശത്തിൽ മൊജ്തബ പറഞ്ഞു. “ഇത് വ്യക്തികളുമായി ബന്ധപ്പെട്ട കാര്യമല്ല ഞങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇത് സംഭവിക്കും,” അദ്ദേഹം വ്യക്തമാക്കിയിരുന്നു.


















































