ബംഗളൂരു: ഓൺലൈൻ ഡെലിവറി ബോയി ഫ്ലാറ്റിൽ അതിക്രമിച്ചു കയറി നഗ്നതാപ്രദർശനം നടത്തിയതായി യുവതി. യുവതി തന്റെ ദുരനുഭവം വ്യക്തമാക്കിക്കൊണ്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ബംഗളൂരുവിലാണ് സംഭവം. യുവതിയുടെ പോസ്റ്റിലെ വിവരങ്ങൾ ഇങ്ങനെ: ഫ്ലാറ്റിൽ പാഴ്സൽ നൽകാനായെത്തിയ ഡെലിവറി ഏജന്റ് ശുചിമുറി ഉപയോഗിക്കാൻ അനുവാദം ചോദിച്ചു. പക്ഷേ യുവതി ഇക്കാര്യം സ്നേഹപൂർവം നിരസിച്ചു.
അടിയന്തര ആവശ്യമാണെങ്കിൽ തൊട്ടടുത്ത ഫ്ലാറ്റിലെ പുരുഷന്മാരോട് സഹായം ചോദിക്കാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ യുവാവ് ഇത് അവഗണിച്ച് ബലമായി വീടിനുള്ളിലേക്ക് കയറുകയായിരുന്നു. ശുചിമുറിയിൽ നിന്ന് ഇറങ്ങിയ ഉടനെ ഇയാൾ യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. സ്വന്തം വീട്ടിൽ വെച്ച് അപമാനിക്കപ്പെട്ടു, താൻ സുരക്ഷിതയല്ലെന്നുള്ള തോന്നലുണ്ടായതായും അവർ കുറിപ്പിൽ വ്യക്തമാക്കുന്നു. ഒരു സ്ത്രീ ‘വേണ്ട’ എന്ന് പറഞ്ഞാൽ അവിടെ ആ സംഭാഷണം അവസാനിക്കേണ്ടതായിരുന്നു.
ഒരാളുടെ അതിരുകൾ ലംഘിക്കാനോ ബലമായി വീട്ടിൽ അതിക്രമിച്ചു കയറാനോ ആർക്കും അവകാശമില്ലെന്നുമായിരുന്നു യുവതി സമൂഹമാധ്യമങ്ങളിൽ കുറിച്ച പോസ്റ്റ്. അപായപ്പെടുത്തുമോ എന്ന ഭയത്താൽ ഫോൺ ക്യാമറ ഓൺ ചെയ്തുവെച്ചതായും, ഓടി രക്ഷപ്പെടാൻ ഫ്ലാറ്റിന്റെ വാതിലിനടുത്ത് ഭയന്നുവിറച്ച് നിന്നതായും യുവതി കുറിപ്പിൽ വ്യക്തമാക്കുന്നു.

















































