കൊച്ചി: കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് വായ്പാ തട്ടിപ്പുകളിലൊന്നായി മാറുന്ന വൻ സാമ്പത്തിക ക്രമക്കേട് കൊച്ചി കേന്ദ്രീകരിച്ച് പുറത്ത്. ബാങ്ക് ജീവനക്കാരും ഇടനിലക്കാരും ഉൾപ്പെട്ട സംഘമാണ് സിബിൽ സ്‌കോർ കുറഞ്ഞവരെയും സാമ്പത്തിക പ്രതിസന്ധിയിലായവരെയും ലക്ഷ്യമിട്ട് അവരുടെ സ്വത്തിന്റെ ആധാരങ്ങൾ കൈക്കലാക്കി, ഉടമകളറിയാതെ കോടിക്കണക്കിന് രൂപയുടെ ബിസിനസ് വായ്പകൾ സംഘടിപ്പിച്ചതെന്നാണ് ആരോപണം. വിവിധ ബാങ്കുകളിലായി ഏകദേശം 700 കോടി രൂപയുടെ ക്രമക്കേടാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി കാരണം ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കാത്തവരെയാണ് സംഘം ആദ്യം സമീപിച്ചിരുന്നത്. അടിയന്തര സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് അവരുടെ ഭൂമിയുടെയും കെട്ടിടങ്ങളുടെയും യഥാർഥ ആധാരങ്ങൾ കൈപ്പറ്റും. പിന്നീട് അതേ രേഖകൾ ഉപയോഗിച്ച് ഉടമകൾ അറിയാതെ വൻതുകയുടെ വായ്പകൾ ബാങ്കുകളിൽ നിന്ന് അനുവദിപ്പിക്കുകയായിരുന്നു തട്ടിപ്പിന്റെ രീതി. വായ്പകൾ തിരിച്ചടയ്ക്കാതെ വന്നതോടെയാണ് നിരവധി സ്വത്തുക്കൾ ജപ്തി നടപടിയിലേക്ക് നീങ്ങിയത്.
ഇത്തരത്തിൽ തട്ടിപ്പിന് ഇരയായ എറണാകുളം പാലാരിവട്ടം സ്വദേശിയായ 58-കാരൻ ഇന്ന് സ്വന്തം പേരിലുള്ള കോടികളുടെ സ്വത്ത് നഷ്ടമാകുമെന്ന ആശങ്കയിലാണ്. മകളുടെ വിവാഹം അടുത്തിരിക്കുന്നതിനാൽ പേരും മുഖവും വെളിപ്പെടുത്താൻ താൽപര്യമില്ലെന്ന് അദ്ദേഹം പറയുന്നു. ഒരിക്കലും കൈപ്പറ്റാത്ത വായ്പയുടെ ബാധ്യതയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ തലയിൽ കെട്ടിവെച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് പുറത്തുവിട്ടത്
ബിസിനസ് തകർച്ചയെ തുടർന്ന് വായ്പ തിരിച്ചടക്കാൻ കഴിയാതെ വന്ന സമയത്താണ് തട്ടിപ്പ് സംഘം ഇയാളെ സമീപിച്ചത്. തൃശ്ശൂരിലെ പാരമ്പര്യ സ്വത്ത് വിറ്റഴിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, ബാങ്ക് ബാധ്യത തീർക്കാൻ 1.70 കോടി രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തു. പലിശ മാത്രം തിരിച്ചടച്ചാൽ മതിയെന്ന ഉറപ്പിൽ പാലാരിവട്ടത്തെ വീടിന്റെയും തൃശ്ശൂരിലെ ഒരേക്കർ 13 സെന്റ് സ്ഥലത്തിന്റെയും ആധാരങ്ങൾ അവർ കൈപ്പറ്റി. പിന്നീട് തൃശ്ശൂരിലെ മറ്റൊരു ഒരേക്കർ 18 സെന്റിൽ സ്ഥിതി ചെയ്യുന്ന ഷോപ്പിംഗ് കോംപ്ലക്സിന്റെ രേഖകളും ഇവർ സ്വന്തമാക്കി.
തുടർന്ന് കാനറ ബാങ്കിൽ നിന്ന് വായ്പ ലഭിക്കാൻ സാക്ഷിയായി ഒപ്പിടണമെന്ന് ആവശ്യപ്പെട്ട സംഘം, ആ ഒപ്പുകൾ ഉപയോഗിച്ച് വൻ തുകയുടെ വായ്പകൾ സ്വന്തം പേരിൽ അനുവദിപ്പിച്ചെന്നാണ് പരാതി. ഒരു രൂപ പോലും വായ്പയായി കൈപ്പറ്റിയിട്ടില്ലെങ്കിലും ഇന്ന് കാനറ ബാങ്കിലും എച്ച്ഡിഎഫ്സി ബാങ്കിലുമായി 49 കോടി രൂപയുടെ ബാധ്യത തന്റെ പേരിലാണെന്ന് ഇയാൾ പറയുന്നു.
ബാങ്കിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത്ര വലിയ തട്ടിപ്പ് നടക്കാനിടയില്ലെന്നാണ് ഇരയുടെ ആരോപണം. വായ്പാ നടപടികളിൽ രേഖകളുടെ പരിശോധനയിലും അംഗീകാരത്തിലും ഗുരുതര വീഴ്ചകൾ സംഭവിച്ചതായും സംശയമുണ്ട്.
സംഭവത്തിൽ കൂടുതൽ പരാതികൾ പുറത്തുവരുന്ന സാഹചര്യത്തിൽ, സമാനരീതിയിൽ വഞ്ചിക്കപ്പെട്ടവരുടെ എണ്ണം ഇനിയും വർധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ബാങ്കിംഗ് മേഖലയെ തന്നെ ഞെട്ടിക്കുന്ന ഈ വൻ വായ്പാ തട്ടിപ്പിന് പിന്നിലെ മാഫിയ ശൃംഖലയെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഇരകളും പൊതുജനങ്ങളും രംഗത്തെത്തിയിരിക്കുകയാണ്.


















































