ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി. സുധാകരനെതിരെ വിമർശനം കടുപ്പിച്ച് സിപിഎം നേതാക്കൾ. രാത്രി പത്തരയ്ക്ക് ശേഷം സുധാകരൻ വിളിക്കുന്ന ഫോൺകോളുകളുടെ “ടോണും ലാസ്യഭാവവും” തങ്ങൾക്കറിയാമെന്നും ഇതൊന്നും പറയിപ്പിക്കരുതെന്നും സിപിഎം നേതാവ് എച്ച്. സലാം പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ സുധാകരൻ സ്വന്തം നിലയ്ക്ക് പിരിച്ച ലക്ഷക്കണക്കിന് രൂപയുടെ കണക്ക് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജി. സുധാകരന്റെ ഓഫീസിലേക്ക് സിപിഎം പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയതിന് പിന്നാലെയായിരുന്നു നേതാക്കളുടെ പ്രതികരണം. പ്രതിഷേധത്തിന് ശേഷം സംസാരിച്ച സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ, സുധാകരനെതിരെ കടുത്ത വിമർശനമുയർത്തി. കള്ളക്കേസുകൾ ചുമത്തുന്ന പൊലീസുകാർക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തങ്ങളുടെ ക്ഷമയ്ക്ക് പരിധിയുണ്ടെന്നും ഇത്തരം നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ സുധാകരനെ ജനങ്ങൾ തന്നെ കൈകാര്യം ചെയ്യുന്ന സാഹചര്യമുണ്ടാകുമെന്നും ആർ. നാസർ പറഞ്ഞു.
സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം ജി. സുധാകരനും പാർട്ടിയും തമ്മിലുള്ള രാഷ്ട്രീയ പോര് വീണ്ടും രൂക്ഷമായിരിക്കുകയാണ്. യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി അമ്പലപ്പുഴയിൽ വിജയിച്ച സുധാകരൻ, അടുത്തിടെ ഡിവൈഎഫ്‌ഐയുടെ പൊതിച്ചോർ വിതരണത്തെ വിമർശിച്ച് നടത്തിയ പരാമർശമാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്.


















































