ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ഹാപ്പൂരിൽ കടയിൽ നിന്ന് വാങ്ങിയ കുപ്പി വെള്ളം കുടിച്ച യുവതി രക്തം ഛർദിച്ച് ഗുരുതരാവസ്ഥയിൽ. ഹാപ്പൂരിലെ അർജുൻ നഗർ സ്വദേശിനിയായ റിയ എന്ന യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. വെള്ളം കുടിച്ച് നിമിഷ നേരങ്ങൾക്കുള്ളിൽ യുവതി ഗുരുതരാവസ്ഥയിലാവുന്ന സിസിടിവി ദൃശ്യങ്ങൾ എല്ലാവരെയും ഭയപ്പെടുത്തുന്നതാണ്. യുവതി അമ്മയോടൊപ്പം ജ്വല്ലറിയിലെത്തിയതായിരുന്നു.
വെള്ളം ചോദിച്ച യുവതിക്ക് ജ്വല്ലറി ഉടമ അടുത്തുള്ള ഒരു ജനറൽ സ്റ്റോറിൽ നിന്ന് സീൽ ചെയ്ത തണുത്ത കുപ്പി വെള്ളം വാങ്ങി നൽകുകയായിരുന്നു. എന്നാൽ വെള്ളം കുടിച്ച ഉടനെ യുവതിക്ക് അസ്വസ്തത അനുഭപ്പെടുകയും രക്തം ഛർദിക്കുകയുമായിരുന്നു. സംഭവത്തെത്തുടർന്ന് കടയുടമയും യുവതിയുടെ മാതാവും പരിഭ്രാന്തരാകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.
യുവതിയുടെ ആരോഗ്യനില നിലവിൽ മോശമായി തന്നെ തുടരുകയാണ്. സീൽ ചെയ്ത കുപ്പി വെള്ളത്തിൽ വിഷാംശമോ കെമിക്കലോ കലർന്നിട്ടുണ്ടോയെന്ന് അന്വേഷണം നടന്നു വരികയാണ്. വെള്ളം വാങ്ങിയ കട കേന്ദ്രീകരിച്ചും അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. സീൽ ചെയ്തു വന്ന കുപ്പിവെള്ളത്തിൽ എങ്ങനെ വിഷാംശം കലരുകയെന്ന സംശയത്തിലാണ് അന്വേഷണ വിഭാഗം.



















































