ചെന്നൈ: ആറു പതിറ്റാണ്ടിലേറെക്കാലം തന്റെ സ്വരമാധുരി കൊണ്ട് പാട്ടിന്റെ പാലാഴി തീർത്ത, തെന്നിന്ത്യൻ വാനമ്പാടി ജാനകിയമ്മയ്ക്ക് രാജ്യം ഇന്ന് വിട നൽകും. ഇന്നലെ രാത്രി 7.30 ന് അപ്പോളോ ബിജിഎസ് ആശുപത്രിയിൽ അന്തരിച്ച എസ് ജാനകിയുടെ ഭൗതിക ശരീരം ഇന്ന് രാവിലെ 8 മുതൽ വൈകീട്ട് നാലു വരെ മൈസൂരിലെ മഹാരാജാ കോളേജ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് തന്നെ മൈസൂരുവിൽ സംസ്കരിക്കണമെന്ന ജാനകിയുടെ അന്ത്യാഭിലാഷം പോലെ തന്നെ വൈകുന്നേരം 4.30ന് മൈസൂരിലെ കനിയനഹുണ്ടി ഫാം ഹൗസിൽ സംസ്കാരം നടക്കും.
അതേസമയം ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ തന്റെ സ്വരമാധുര്യം കൊണ്ട് വിസ്മയിപ്പിച്ച സംഗീദപ്രതിഭയ്ക്ക് ആദരമർപ്പിച്ചു കൊണ്ട് ഒട്ടേറെ പ്രമുഖരാണ് രംഗത്തെത്തുന്നത്. ഇതിനിടെ ജാനകിയമ്മയുടെ മൃതദേഹം പൊതുദർശനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. മഹാരാജ കോളേജ് ഗ്രൗണ്ടിൽ പ്രത്യേക പവലിയൻ ഒരുക്കിയാണ് പൊതുദർശനം നടത്തുക. വിഐപികൾക്കായി പ്രത്യേക സംവിധാനം ഉണ്ടായിരിക്കും. വൻ സുരക്ഷയൊരുക്കാണ് പൊലീസ് ഒരുക്കുന്നത്. ആൾക്കൂട്ടം നിയന്ത്രിക്കാനായി മൈസൂരുവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.
ഇന്നലെ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പങ്കുവെച്ചത്. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഇന്നലെ ഉച്ചയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വൈകിട്ട് 7.30 ഓടെ മരിച്ചു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി 17 ഭാഷകളിലായി നാൽപ്പതിനായിരത്തിലേറെ പാട്ട് പാടിയ ജാനകിയമ്മ. ആന്ധ്രപ്രദേശ് സ്വദേശിനിയാണ്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് 4 തവണയും കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പുരസ്കാരങ്ങളും ഇവരെ തേടിയെത്തി. 2013-ൽ രാജ്യം പത്മഭൂഷൺ പ്രഖ്യാപിച്ചെങ്കിലും, ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് നിരസിച്ചു.


















































