സതാംപ്ടൻ: കഴിഞ്ഞ ലോകകപ്പ് മുതൽ കണ്ടുവരുന്നൊരു പ്രതിഭാസമാണ്. പരാജയം മാത്രം ഏറ്റുവരുന്ന നിമിഷം മാത്രം മലയാളി താരത്തെ കളത്തിലിറക്കും. ഇത്തവണയും മാറ്റമില്ല. തുടർച്ചയായ പരാജയങ്ങൾക്കു പിന്നാലെ സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തി. അതേസമയം ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിൽ ഇന്ത്യ ആദ്യം ബോൾ ചെയ്യും. തുടർച്ചയായ ഏഴാം തവണയും ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ, ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു.
അഞ്ചാം ട്വന്റി20 മത്സരത്തിൽ രണ്ടു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തിയപ്പോൾ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനിൽ നിന്ന് പുറത്തായി. അതുപോലെ ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദറിനു പകരം സൂര്യാൻഷ് ഷെഡ്‌ഗെയും ടീമിലെത്തി. അതേസമയം ഗതാഗതാക്കുരുക്കിനെ തുടർന്ന് ഇന്ത്യൻ ടീം സംഘം സ്റ്റേഡിയത്തിലെത്താൻ വൈകിയതിനെ തുടർന്ന് ടോസിടൽ വൈകി. ഇതോടെ ഇന്ത്യൻ സമയം രാത്രി 7നു തുടങ്ങേണ്ട മത്സരം അരമണിക്കൂർ വൈകിയാണ് ആരംഭിച്ചത്. അതേസമയം ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. ആറ് റൺസെടുത്ത സാൾട്ടിനെ പ്രസിദ് കൃഷ്ണയുടെ ബോളിൽ സൂര്യാൻഷിന്റെ കൈകളിലെത്തുകയായിരുന്നു.















































